തിരുവനന്തപുരം : ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെയാണ്(29.7.23) തിരുവനന്തപുരം പള്ളിക്കലില്‍ നവദമ്പതികളായ സിദ്ദിഖ്, നൗഫിയ ബന്ധു അന്‍സില്‍ എന്നിവര്‍ അപകടത്തിൽപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ സിദ്ദിഖും നൗഫിയയും വെള്ളത്തില്‍ വീഴുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഇവരുടെ ബന്ധു കൂടിയായ അന്‍സില്‍ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടി. ശേഷം അന്‍സിലിന്‍റെ മൃതദേഹം ഇന്നലെ തന്നെ ലഭിച്ചിരുന്നു. നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്‌ധരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. അന്‍സിലിന്‍റെ വീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു നവദമ്പതികളായ സിദ്ദിഖും നൗഫിയയും. പിന്നീട് വിരുന്നിന് ശേഷം വീടിന് സമീപത്തെ പുഴയില്‍ ഫോട്ടോയെടുക്കാന്‍ പോവുകയായിരുന്നു. പുഴവക്കത്തെ പാറയുടെ മുകളില്‍ കയറി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ തെറ്റി ദമ്പതികള്‍ വീണു. ഇവരെ രക്ഷിക്കാനായി പിറകെ അന്‍സിലും പുഴയിലേക്ക് ചാടി.
അന്‍സിലിനെ കണ്ടെത്തിയ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞയാഴ്‌ചയായിരുന്നു സിദ്ദിഖും നൗഫിയയും വിവാഹിതരായത്.
സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു : ജൂലൈ 23 നാണ് കോഴിക്കോട് ആഴത്തിലുള്ള വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചത്. താമരശ്ശേരി സ്വദേശി അബ്‌ദുൽ ജലീലിൻ്റെയും നാജിറയുടെയും മക്കളായ മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിർ (7) എന്നിവരാണ് മരണപ്പെട്ടത്. ജൂലൈ 23 ന് വൈകുന്നേരമാണ് മുഹമ്മദ് ഹാദിയെയും മുഹമ്മദ് ആഷിറിനെയും കാണാനില്ല എന്ന വിവരം നാട്ടിലറിയുന്നത്.
തുടർന്ന് വീടിന് സമീപത്തെ ട്യൂഷന്‍ ക്ലാസില്‍ കുട്ടികള്‍ എത്തിയില്ലെന്ന് ടീച്ചർ അറിയിച്ചതോടെ നാട്ടുകാർ സഹോദരങ്ങൾക്കായുള്ള തെരച്ചിൽ ആരംഭിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവിൽ പ്രദേശത്തെ പാറയ്‌ക്ക് സമീപം ഉള്ള വെള്ളക്കെട്ടിനടുത്ത് നിന്നും കുട്ടികളുടെ ബാഗുകളും ചെരിപ്പുകളും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വെളളക്കെട്ടിൽ നിന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.
also read : കോഴിക്കോട്ട് വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു ; അപകടം ട്യൂഷന് പോകവെ
കാണാതായ യുവാവിന്‍റെ മൃതദേഹം വെള്ളക്കെട്ടിൽ : ഒരാഴ്‌ച മുൻപ് വയനാട് മുട്ടിലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. കാക്കവയൽ തെനേരി കാദർപടി സ്വദേശി അരുൺ കുമാറിന്‍റെ (27) മൃതദേഹമാണ് ചതുപ്പിൽ നിന്നും കണ്ടെത്തിയത്. സമീപത്ത് നിന്ന് അരുണിന്‍റെ ബൈക്കും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിരുന്നു. റോഡപകടമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മീനങ്ങാടി 54 ൽ പുക പരിശോധന കേന്ദ്രം നടത്തി വരികയായിരുന്നു അരുൺ കുമാർ.
also read : കാണാതാായ യുവാവിന്‍റെ മൃതദേഹം 4 ദിവസത്തിന് ശേഷം വെള്ളക്കെട്ടിൽ; അപകടമെന്ന് പ്രാഥമിക നിഗമനം