തിരുവനന്തപുരം: വസന്തക്ക് അധികാരമില്ലാത്ത ഭൂമി വസന്തയില്‍ നിന്നും എഴുതി വാങ്ങുന്നത് തെറ്റാണെന്ന് രാജന്‍റെ മക്കള്‍. ബോബി ചെമ്മണ്ണൂര്‍ വസന്തയില്‍ നിന്നും വാങ്ങി നല്‍കുന്ന ഭൂമി സ്വീകരിക്കില്ലെന്ന് രാജന്‍റെ മക്കള്‍ ബോബിയോട് പറഞ്ഞു. ശനിയാഴ്‌ച വൈകിട്ടാണ് ബോബിയും സംഘവും ഭൂമി കൈമാറ്റ രേഖ വസന്തയില്‍ നിന്നും വാങ്ങി രാഹുലിനും രഞ്ജിത്തിനും നല്‍കിയത്. എന്നാൽ അവര്‍ അത് സ്‌നേഹത്തോടെ നിരസിച്ചു. വസന്തയുടെ കയ്യില്‍ നിന്നും എഴുതി വാങ്ങുന്ന ഭൂമി വേണ്ടെന്ന് രാജന്‍റെ മാതാവും അറിയിച്ചു.
നിയമ പ്രകാരം വസന്തയ്‌ക്ക് അവകാശമില്ലാത്ത ഭൂമി എങ്ങനെ വസന്ത എഴുതി നല്‍കി. കൈമാറ്റ അവകാശമില്ലാത്ത ഭൂമി വസന്ത എഴുതി നല്‍കിയത് പോലും തെറ്റാണ്. ബോബി ചെമ്മണ്ണൂരിനെയും വസന്ത കബളിപ്പിച്ചതായി കുട്ടികൾ പറഞ്ഞു. സര്‍ക്കാര്‍ തങ്ങള്‍ക്ക് ഈ ഭൂമി നല്‍കുമെന്നും കുട്ടികള്‍ പറഞ്ഞു. തന്‍റെ അഭിഭാഷകൻ പരിശോധന നടത്തി വാങ്ങിയ ഭൂമിയാണെന്നും കബളിപ്പിക്കപ്പെട്ടാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ രാജന്‍റെ വീട്ടിലെത്തിയ ബോബി ചെമ്മണ്ണൂര്‍ കുട്ടികള്‍ക്ക് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. വീട് വച്ച് തീരുന്നതുവരെ ബോബിയുടെ വീട്ടില്‍ താമസിക്കാനും കുട്ടികളെ ക്ഷണിച്ചു. കുട്ടികളെ താൻ നോക്കിക്കൊള്ളാമെന്നും അഭിഭാഷകരും ഡോക്‌ടർമാരും എല്ലാവരും എപ്പോഴും കൂടെ ഉണ്ടാകാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ കുട്ടികൾക്ക് ജോലി നല്‍കാമെന്നും ബോബി പറഞ്ഞു. ഇവരുടെ പഠനവും ബോബി ഏറ്റെടുത്തിട്ടുണ്ട്. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് വേണമെന്ന് കുട്ടികള്‍ അറിയിച്ചത് കൊണ്ടാണ് ഈ ഭൂമി വാങ്ങി നല്‍കാന്‍ തയ്യാറായത്. എന്ത് ആവശ്യത്തിനും കൂടെയുണ്ടാകുമെന്നും കുട്ടികളെ അറിയിച്ചാണ് ബോബി മടങ്ങിയത്.