തിരുവനന്തപുരം: രക്താർബുദം ബാധിച്ച ശ്രീനന്ദൻ എന്ന ഏഴുവയസുകാരന് രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ ഒന്നിച്ച് നാട്ടുകാര്‍. ധാത്രി ബ്ലഡ് സെൽ സ്റ്റെം ഡോണേർസ് രജിസ്ട്രിയാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളില്‍ വെള്ളിയാഴ്‌ച രാവിലെ ഒന്‍പതിന് ആരംഭിച്ച, പരിശോധനയ്ക്കായുള്ള ഉമിനീർ ശേഖരണം വൈകിട്ട് ആറിന് അവസാനിച്ചു.
18 നും 50 നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ ഏതൊരാൾക്കും ദാതാവായി രജിസ്റ്റർ ചെയ്യാം. പരിശോധനയ്ക്കായി ഉമിനീർ മാത്രമാണ് ശേഖരിക്കുന്നത്. രക്തമൂലകോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കിൽ ഒരു കുപ്പി രക്തം മാത്രം നൽകിയാൽ മതിയാകും.
പരിഹാരം രക്തമൂലകോശം മാറ്റിവെക്കുന്നത് മാത്രം: എച്ച്.എൽ.എ ടൈപ്പിങ് എന്ന ടെസ്റ്റിലൂടെയാണ് ശേഖരിച്ച സാമ്പിളുകളുടെ ഫലം കണ്ടെത്തുന്നത്. സാമ്പിളുകളുടെ ഫലം 45 ദിവസത്തിനുള്ളിൽ ലഭ്യമാകും. ലഭ്യമായ പരിശോധന ഫലം രജിസ്ട്രിയിൽ പ്രസിദ്ധീകരിക്കുമെന്ന് ധാത്രി ബ്ലഡ് സെൽ സ്റ്റെം ഡോണേർസ് രജിസ്ട്രി റീജിയണൽ ഹെഡ് എബി സാം ജോൺ പറഞ്ഞു.
തിരുവനന്തപുരം ഉള്ളൂർ സ്വദേശികളായ രഞ്ജിത്ത് ബാബുവിൻ്റെയും ആശയുടെയും മകനാണ് ഏഴുവയസുകാരൻ ശ്രീനന്ദൻ. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീനന്ദന്, രണ്ട് മാസങ്ങൾക്ക് മുൻപാണ് ഈ അപൂർവ രോഗം സ്ഥിരീകരിച്ചത്. രക്തം മാറ്റിവെച്ചാണ് ജീവൻ നിലനിർത്തുന്നത്. നിലവിൽ രക്തം ഉത്പാദിപ്പിക്കുന്ന രക്തമൂലകോശം നശിച്ച് ശരീരം രക്തം ഉത്പാദിപ്പിക്കാത്ത അവസ്ഥയിലാണ്.
ALSO READ: ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കൊവിഡ്, മരണം സ്ഥിരീകരിച്ചില്ല
രക്തമൂലകോശം മാറ്റിവക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം. കുടുംബത്തിൽ നിന്നോ, ലോകത്ത് രക്ത മൂലകോശ ദാനത്തിന് സന്നദ്ധരായി രജിസ്റ്റർ ചെയ്‌തിട്ടുള്ള ഒരാളിൽ നിന്നോ ശ്രീനന്ദന് ചേരുന്ന ദാതാവിനെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.