തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന ഘടകത്തില്‍ അഴിച്ചുപണി. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെ മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പ്രസിഡന്‍റായി സുരേന്ദ്രന്‍ തുടരും.
മുതിര്‍ന്ന നേതാക്കളും വൈസ് പ്രസിഡന്‍റുമാരുമായ ശോഭ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്‌ണന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കും മാറ്റമില്ല.
സംസ്ഥാന വക്താവായിരുന്ന ബി.ഗോപാലകൃഷ്‌ണന്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, പി.രഘുനാഥ് എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരാക്കി.
സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന ജി.രാമന്‍ നായരെ ദേശീയ സമിതിയിലേക്കും മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന ടി.പി സിന്ധുമോളെ സംസ്ഥാന വക്താവായും മാറ്റി നിയമിച്ചു.
Also Read: പ്രിയങ്ക ഗാന്ധി അറസ്റ്റില്‍ ; സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസ്
നടൻ കൃഷ്‌ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. കെ.വി.എസ് ഹരിദാസ്, നാരായണന്‍ നമ്പൂതിരി, സന്ദീപ് വാര്യര്‍, സന്ദീപ് വചസ്‌പതി എന്നിവരും സംസ്ഥാന വക്താക്കളാണ്. 5 ജില്ല പ്രസിഡന്‍റുമാര്‍ക്കും മാറ്റമുണ്ട്.
വി.എ.സൂരജ് ആണ് പത്തനംതിട്ട ജില്ല പ്രസിഡന്‍റ്, കോട്ടയം-ലിജിന്‍രാജ്, പാലക്കാട്-കെ.എം.ഹരിദാസ്, വയനാട്-കെ.പി.മധു, കാസര്‍ഗോഡ്-രവീശ തന്ത്രി കുണ്ടാര്‍ എന്നവരാണ് പുതിയ ജില്ല പ്രസിഡന്‍റുമാര്‍.
കിസാന്‍ മോര്‍ച്ച ഒഴികെ മറ്റ് അദ്ധ്യക്ഷ പദവികളില്‍ മാറ്റമില്ല. ഷാജി ആര്‍.നായരെ കിസാന്‍ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചതായും സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ അറിയിച്ചു.