തിരുവനന്തപുരം: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് വെട്ടിച്ചുരുക്കുന്നതില്‍ തെറ്റില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചില വിട്ടുവീഴ്‌ചകൾക്ക് എല്ലാവരും തയ്യാറാകണം. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ തങ്ങളുടെ ശമ്പളം വെട്ടിക്കുറക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ശമ്പളം വെട്ടിക്കുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കേന്ദ്രത്തിനെതിരെ അനാവശ്യ പ്രചാരണം നടത്തുന്നു. പ്രളയസഹായമായി നല്‍കിയ 2,000 കോടി രൂപ ചെലഴിക്കാതെ യെസ് ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് 1,064 കോടി രൂപ കേന്ദ്രം കഴിഞ്ഞയാഴ്‌ച നല്‍കി. എന്നാല്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം നീക്കിവെച്ചില്ലെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.