തിരുവനന്തപുരം : ക്രിസ്‌ത്യന്‍ മത വിഭാഗങ്ങളിലേക്ക് കടന്നുകയറി കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ അപ്രതീക്ഷിതമായി വന്ദേഭാരത് ട്രെയിന്‍ കൂടി പ്രഖ്യാപിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലില്‍ ബിജെപി. സംസ്ഥാനത്ത് നിന്നുള്ള എംപിമാരെയോ സംസ്ഥാന സര്‍ക്കാരിനെയോ ഔദ്യോഗികമായി അറിയിക്കാതെ ബിജെപി സംസ്ഥാന നേതൃത്വത്തെ മാത്രം അറിയിച്ച് കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ പ്രഖ്യാപിച്ചതിലൂടെ ബിജെപിയുടെ രാഷ്‌ട്രീയ ലക്ഷ്യം വ്യക്തമാണ്. ഇന്നലെ രാത്രി റെയില്‍വേ വൃത്തങ്ങളല്ല, മറിച്ച് ബിജെപി സംസ്ഥാന നേതൃത്വമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.
സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാരോ റെയില്‍വേ മന്ത്രാലയമോ അറിയിക്കാതിരുന്നതിലൂടെ ഇത് പൂര്‍ണമായും ബിജെപിയുടെ നേട്ടമാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന കാര്യം വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ ഒന്നൊന്നായി കേരളത്തിലെ ജനങ്ങള്‍ക്കും അനുഭവ വേദ്യമാകുന്നു എന്ന് മാത്രമല്ല, കേരളത്തിലെ റെയില്‍വേ യാത്രക്കാരുടെ സ്വപ്നങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കുന്നതുകൂടിയാണ് ഈ പദ്ധതിയെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഫലത്തില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിക്ക് അവതരിപ്പിക്കാന്‍ കഴിയുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളിലൊന്നായി വന്ദേഭാരതിനെ മാറ്റാമെന്ന് ബിജെപി കരുതുന്നു.
ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് എംപിമാർ : ബിജെപി ദേശീയ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ കേരളത്തിന്‍റെ ചുമതലയിലേക്കെത്തിയ ശേഷം സംസ്ഥാന ബിജെപിയില്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി കൂടി വേണം വിഷുക്കൈനീട്ടം എന്ന പേരില്‍ സംസ്ഥാനത്തിന് പുതിയ വന്ദേഭാരത് അനുവദിക്കാനുള്ള തീരുമാനം. അതേസമയം പൂര്‍ണമായും പദ്ധതിയെ രാഷ്‌ട്രീയ വത്‌കരിച്ച് നേട്ടം കൊയ്യാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തുവന്നു. സാധാരണയായി കേന്ദ്ര സര്‍ക്കാര്‍ ഒരു പദ്ധതി സംസ്ഥാനത്തിന് പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനങ്ങളിലെ എംപിമാരെ ഔദ്യോഗികമായി അറിയിക്കുകയാണ് പതിവെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പറഞ്ഞു.
വന്ദേഭാരത് അനുവദിച്ച കാര്യം തങ്ങളെ അറിയിക്കുന്നതിന് പകരം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത് തികച്ചും അനൗചിത്യമാണെന്ന് എംപിമാരായ എന്‍.കെ.പ്രേമചന്ദ്രനും എ.എം.ആരിഫും ആരോപിച്ചു. മാത്രമല്ല റെയില്‍വേ മാനേജര്‍ അതീവ രഹസ്യമായി തിരുവനന്തപുരത്തെത്തിയതിനെയും അവര്‍ കുറ്റപ്പെടുത്തി. അതേസമയം ശാസ്‌ത്ര സാങ്കേതിക വിദ്യകള്‍ വികസിക്കുന്നതിനനുസരിച്ച് റെയില്‍വേ കോച്ചുകള്‍ക്കും സര്‍വീസുകള്‍ക്കും ട്രാക്കുകള്‍ക്കും മാറ്റമുണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്‍റെ പ്രതികരണം. വന്ദേഭാരതിനെയും ആ നിലയില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മുന്നിൽ കാണുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ്: എന്നാല്‍ അതിനുപകരം നിലവിലെ കീഴ് വഴക്കങ്ങളെല്ലാം കാറ്റില്‍ പറത്തി വന്ദേ ഭാരത് ട്രെയിന്‍ അതാത് സംസ്ഥാനങ്ങളിലെത്തി പ്രധാനമന്ത്രി തന്നെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഇന്ത്യന്‍ റെയില്‍വേ കാലാകാലങ്ങളില്‍ വിവിധ അതിവേഗ തീവണ്ടികള്‍ ആരംഭിച്ചിട്ടുണ്ട്. ജനശതാബ്‌ദി എക്‌സ്‌പ്രസ്, തുരന്തോ, ഗരീബ് രഥ് തുടങ്ങിയവയെല്ലാം കാലാകാലങ്ങളില്‍ റെയില്‍വേ ആരംഭിച്ച അതിവേഗ തീവണ്ടികളായിരുന്നു.
അന്നൊന്നും ഇതിന്‍റെ ക്രെഡിറ്റ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസോ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളോ ഏറ്റെടുത്തിരുന്നില്ല. അത് ശാസ്‌ത്ര സാങ്കേതിക രംഗത്ത് റെയില്‍വേ കൈവരിച്ച നേട്ടമായാണ് കണക്കാക്കിയിരുന്നത്. വന്ദേഭാരത് പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ചതാണെന്നാണ് ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശ വാദം.
വന്ദേഭാരതിന്‍റെ കോച്ച് നിര്‍മിച്ചിരിക്കുന്നത് പെരമ്പൂരിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്‌ടറിയിലാണ്. ഈ ഫാക്‌ടറിയാകട്ടെ കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോഴാണ് നിര്‍മിച്ചതെന്ന് ബിജെപി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് കൊടുക്കുന്നില്‍ പറഞ്ഞു. മാത്രമല്ല, ഈ ട്രെയിന്‍ കേരളത്തിന് പൂര്‍ണമായി പ്രയോജനം ചെയ്യുന്ന ഒന്നല്ലെന്നാണ് കൊടിക്കുന്നിലിന്‍റെ അഭിപ്രായം.
വന്ദേഭാരത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ല : തിരുവനന്തപുരം-കണ്ണൂര്‍ വന്ദേഭാരതിന് വെറും ഏഴ് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ കേന്ദ്രമായ ചെങ്ങന്നൂരിലും പ്രധാന ജംഗ്‌ഷനായ ഷൊര്‍ണൂരിലും സ്റ്റോപ്പില്ലെന്നത് ഇതിന്‍റെ പോരായ്‌മയാണ്. മാത്രമല്ല, വന്ദേഭാരത് ഒരിക്കലും സാധാരണക്കാര്‍ക്ക് പ്രാപ്യമല്ല. ഇതിന്‍റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1000 രൂപയ്‌ക്ക് മുകളിലും എക്‌സിക്യുട്ടീവ് ക്ലാസുകളില്‍ 3500 ന് മുകളിലുമാണെന്ന് കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.
ഈ തുകയ്‌ക്ക് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് വിമാന യാത്ര വെറും രണ്ടുമണിക്കൂറിനുള്ളില്‍ നടത്താമെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദു റഹ്മാന്‍ പറഞ്ഞു. ഈ മാസം 24ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 25 ന് തിരുവനന്തപുരത്തെത്തി ഔദ്യോഗികമായി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് അറിയുന്നത്.
അടുത്തിടെ തെലങ്കാനയില്‍ പ്രധാനമന്ത്രി പങ്കെടുത്ത വന്ദേഭാരത് ഉദ്‌ഘാടന ചടങ്ങ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ബഹിഷ്‌കരിച്ചിരുന്നു. ചന്ദ്രശേഖര്‍ റാവുവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന പിണറായി വിജയന്‍ 25ലെ ചടങ്ങ് ബഹിഷ്‌കരിക്കുമോ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയായിട്ടില്ല. അതേ സമയം വന്ദേ ഭാരതിന്‍റെ കേരളത്തിലേക്കുള്ള കടന്നുവരവ് സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും വന്‍ തിരിച്ചടി കൂടിയാണ്.
വന്ദേഭാരത് അനിവാര്യമോ ? : ഏതുവിധേനയും കെ-റെയില്‍ നടപ്പാക്കും എന്നാവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും അതിവേഗ തീവണ്ടിയായ വന്ദേഭാരത് തിരിച്ചടിയാകും. ഇനിയൊരു സ്ഥലമേറ്റെടുപ്പുമായി മുന്നിട്ടിറങ്ങിയാല്‍ വന്ദേഭാരത് ചൂണ്ടിക്കാട്ടിയാകും ജനങ്ങളും പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുക. ഏകദേശം 100 ലധികം വളവുകളുള്ള കേരളത്തില്‍ വന്ദേഭാരതിന് പ്രതീക്ഷിക്കുന്ന വേഗം കൈവരിക്കാനുകുമോ എന്നതും ആശങ്കയാണ്.