തിരുവനന്തപുരം : ബിജെപി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണം എന്ന ആവശ്യവുമായി സർക്കാർ കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി കേസിലെ ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു. എന്നാൽ കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് കാണിച്ച് പരാതിക്കാര്‍ എതിര്‍വാദം കോടതിയിൽ ഫയൽ ചെയ്‌തു.
2022 ജനുവരി ഒന്നിന് പ്രസ്‌തുത ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. മുൻ കോർപ്പറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി ബിനു, മുൻ എസ്.എഫ്.ഐ ജില്ല സെക്രട്ടറി പ്രിജിൽ സാജ് കൃഷ്‌ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാല് പ്രതികൾ. ഇവർക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 2017 ജൂലായ് 28നാണ് ബിജെപി ഓഫിസ് ആക്രമിക്കപ്പെട്ടത്.
Also Read: Adoption Row : അനുപമയുടെ പിതാവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി
ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബിജെപി ഓഫിസ് ആക്രമിക്കുന്നത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ്റേതടക്കം ആറ് കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തു, സുരക്ഷ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നീ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ആക്രമണം തടയാന്‍ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് വകുപ്പ് പാരിതോഷികം നൽകിയിരുന്നു.