തിരുവനന്തപുരം: സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിൽ ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബിജെപി നേതാക്കൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടു. സ്പെഷ്യൽ പോളിങ് ഓഫീസർ കൊവിഡ് രോഗികളെയോ നിരീക്ഷണത്തിൽ കഴിയുന്നവരെയോ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ സന്ദർശിക്കുന്നുണ്ടെങ്കിൽ സ്ഥാനാർഥിയെ വിവരമറിയിക്കണമെന്നാണ് നിബന്ധന. എന്നാൽ ഇത് വ്യാപകമായി ലംഘിക്കപ്പെട്ടു. സ്പെഷ്യൽ പോളിങ് ഓഫീസർമാരെ നിയമിച്ചതിലും ദുരൂഹതയുണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
നേരത്തെ പോളിങ് ഓഫീസറാവാൻ യോഗ്യതയുള്ളവരെയാണ് എസ്‌പിഒ ആയും നിയമിച്ചിരുന്നത്. എന്നാൽ പിന്നീട് വില്ലേജ് ഓഫീസർ തസ്‌തികയിലുള്ളവരെയും സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. ഇതിൽ ദുരൂഹതയുണ്ടെന്നും ബിജെപി വ്യക്തമാക്കി. വോട്ടർമാരിൽ നിന്നും എസ്‌പിഒ ശേഖരിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ സുരക്ഷിതമായിരുന്നില്ല. ഇവയിൽ ക്രമക്കേട് നടത്താനുള്ള സാധ്യത ഉണ്ടായിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.
തങ്ങളുടെ അനുയായികളെ എസ്‌പിഒമാരായി നിയമിച്ച് സിപിഎം സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടത്തിയിട്ടുണ്ട്. അതിനാൽ ഫല പ്രഖ്യാപനത്തിൽ സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളുടെ എണ്ണം പരിഗണിക്കരുതെന്നാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ്, എസ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടത്.