തിരുവനന്തപുരം : പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് ഇവയില്‍ ഉള്‍പ്പെടാത്ത സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഈ വിഭാഗങ്ങളില്‍ ഉൾപ്പെട്ട കേരളത്തിലെ വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും ലഭ്യമാകേണ്ട തുകയാണ് ഇത്തരത്തിൽ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കൈവശപ്പെടുത്തുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഇത്തരത്തില്‍ നൂറ് കോടിയോളം രൂപ തട്ടിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തിരുവനന്തപുരം നഗരസഭയില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. എസ്.സി പ്രമോട്ടര്‍മാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെടാത്ത തിരുവനന്തപുരത്ത് നിന്നുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ലക്ഷങ്ങളുടെ ഫണ്ട് തട്ടിയെടുത്തു.
ഇയാളുടെയും അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കാണ് പണം വന്നത്. ഈ വിവരം തെളിവ് സഹിതം എസ്.സി പ്രമോട്ടര്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കുഴൽപ്പണ കേസ് : കെ. സുരേന്ദ്രൻ ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകും
2016 മുതല്‍ സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഫണ്ട് തട്ടിയെടുക്കുന്നുണ്ട്. മുന്‍ മന്ത്രി എ.കെ ബാലന് ഇതേക്കുറിച്ച് അറിയാമായിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.