തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം. ഇതിനായി ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വസ്‌തുതയ്‌ക്ക് നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം പൊതു സാമൂഹ്യ പ്രശ്‌നങ്ങൾ കൂട്ടായി നിന്ന് പരിഹരിക്കേണ്ടതാണ്. അതിൽ രാഷ്‌ട്രീയം കാണുന്നത് ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.
ബ്രഹ്മപുരത്തെ മാലിന്യം തരംതിരിക്കുന്നത് ഉൾപ്പെടെ വിവിധ ജോലികൾക്ക് ആഗോള ടെണ്ടർ വിളിച്ചാണ് കുറഞ്ഞ നിരക്ക് കോട്ട് ചെയ്‌ത കമ്പനിക്ക് കരാർ നൽകിയത്. ആർക്കും ഉപകരാർ നൽകിയിട്ടില്ല. കരാര്‍ എടുത്ത കമ്പനിക്ക് യന്ത്രങ്ങൾ വാടകയ്‌ക്ക് എടുക്കാമെന്ന് മാത്രമാണ് വ്യവസ്ഥ. സുതാര്യമായ നടപടികളിലൂടെയാണ് കരാർ നൽകിയത്. കരാർ പ്രകാരമുള്ള ജോലികളിൽ വീഴ്‌ച നടത്തിയതായി തെളിഞ്ഞാൽ കമ്പനിക്കെതിരെ കർശനമായ നടപടിയെടുക്കുന്നതിനും കോർപറേഷന് മുന്നിൽ തടസങ്ങളൊന്നുമില്ല.
സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല: സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും കോർപറേഷനും ഇക്കാര്യങ്ങൾ സംശയത്തിന് ഇടനൽകാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച് തന്നെ ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തം സംബന്ധിച്ച് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. സർക്കാരിന് മുന്നിൽ ഒന്നും ഒളിക്കാനില്ല എന്ന് തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 2016ലെ കേന്ദ്ര മാലിന്യ ചട്ടം കേരളം പാലിക്കുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുന്നില്ലെന്നും ജാവദേക്കർ പറഞ്ഞതും പച്ചക്കള്ളമാണ് എന്നും സിപിഎം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്ര ചട്ടങ്ങൾ 2016 മുതൽ തന്നെ കേരളം നടപ്പാക്കിയതാണ്. കേന്ദ്ര ചട്ടങ്ങൾ സംസ്ഥാനങ്ങൾക്ക് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന സാമാന്യ ധാരണയെങ്കിലും ജാവദേക്കർക്ക് ഉണ്ടാവേണ്ടതായിരുന്നു. സ്വച്ഛ് ഭാരതും കേരളത്തിൽ മികച്ച നിലയിൽ നടപ്പാക്കി വരുന്നു. ബ്രഹ്മപുരം തീപിടിത്തം സിബിഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കറിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരിക്കുകയാണ്.
എങ്ങനെയും ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടുകെട്ടും വ്യക്തമായി. ബ്രഹ്മപുരത്തേത് രണ്ടുവർഷം കൊണ്ടുണ്ടായ പ്രശ്‌നമല്ല. ഇത് 2012 മുതലുള്ള പ്രശ്‌നമാണെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാലിന്യം കുന്നുകൂടുന്നത് സമൂഹത്തിന്‍റെയാകെ പൊതുപ്രശ്‌നമാണ്. അത് പരിഹരിക്കാൻ കേന്ദ്രത്തിനും രാഷ്‌ട്രീയ പാർട്ടികൾക്കും പൊതുവായ ഉത്തരവാദിത്തമാണുള്ളത്. രാഷ്‌ട്രീയ മുതലെടുപ്പ് നടത്തി നേട്ടം കൊയ്യാനുള്ള ബിജെപിയുടെയും കോൺഗ്രസിന്‍റെയും ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജാവദേക്കര്‍: ബ്രഹ്മപുരം വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് ബിജെപി കേരള ഘടകത്തിന്‍റെ ചുമതലുള്ള പ്രകാശ് ജാവദേക്കര്‍ ഉന്നിച്ചത്. ബ്രഹ്മപുരത്തുണ്ടായത് വലിയ പരിസ്ഥിതി ദുരന്തമാണെന്നും 2016ല്‍ വിജ്ഞാപനം ചെയ്‌ത ഖരമാലിന്യ സംസ്‌കരണ നിയമങ്ങള്‍ കേരളം പാലിക്കാന്‍ തയാറായില്ലെന്നും ജാവദേക്കര്‍ ആരോപിച്ചു.
എല്ലാ വര്‍ഷവും ബ്രഹ്മപുരത്ത് ഇത്തരത്തില്‍ തീപിടിത്തം ഉണ്ടാകുന്നു എന്ന് ന്യായീകരണം ഉന്നയിക്കുമ്പോഴും പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീപിടിത്തത്തില്‍ അട്ടിമറി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്നും സോണ്ടയ്‌ക്ക് വഴിവിട്ട് നല്‍കിയ കരാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പങ്ക് പരിശോധിക്കണമെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ജാവദേക്കര്‍ ആവശ്യപ്പെടുകയുണ്ടായി.