തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണ വരുത്തുന്നതിനായി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവയ്‌ക്ക് പുറമേ തിരുവനന്തപുരം, കോവളം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും കേന്ദ്ര പാർലമെന്‍ററി ബോർഡ് യോഗം തീരുമാനിക്കും.
അടുത്തയാഴ്ച ആയിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. ഓരോ മണ്ഡലത്തിലേക്കും മൂന്ന് പേരടങ്ങുന്ന പാനലാണ് കേന്ദ്രത്തിന് കൈമാറുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ അനുകൂലസാഹചര്യം ഉണ്ടെന്ന് വിലയിരുത്തി മികച്ച സ്ഥാനാർഥിയെ വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. നടൻ സുരേഷ് ഗോപിയെയാണ് ഇവിടെ ഒന്നാമതായി പരിഗണിക്കുന്നത്. അദ്ദേഹം മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ ബിജെപിയുടെ പ്രമുഖ ജില്ലാ നേതാവിനെയാകും സ്ഥാനാർഥിയാക്കുക.
കഴക്കൂട്ടത്ത് വി മുരളീധരന്‍റെയും കോന്നിയിൽ കെ സുരേന്ദ്രന്‍റെയും സ്ഥാനാർഥിത്വവും കോവളത്ത് ആര് സ്ഥാനാർഥിയാകും എന്നുള്ളതും കേന്ദ്രസമിതിയാകും തീരുമാനിക്കുക. വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രനും മത്സരിക്കാൻ സാധ്യതയുണ്ട്. മറ്റ് ഘടകക്ഷികൾക്ക് ബാക്കി സീറ്റുകൾ നൽകും.