തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിന്‍റെ അമ്പരപ്പിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ഒരു ഡസനിലേറെ കരുത്തരായ കേന്ദ്ര നേതാക്കള്‍ തമ്പടിച്ചിട്ടും കേരളത്തില്‍ വട്ടപ്പൂജ്യമായി മാറിയിരിക്കുകയാണ് ബി.ജെ.പി.
സംപൂജ്യാരയതിനുമപ്പുറം ബി.ജെ.പിയുടെ വോട്ടു വിഹിതത്തിലും കുറവുണ്ടായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പരമ്പരാഗത ബി.ജെ.പി വോട്ടു വിഹിതമായ ആറു ശതമാനത്തില്‍ നിന്ന് 15.20 ശതമാനത്തിലേക്ക് അപ്രതീക്ഷിതമായി വോട്ടു വിഹിതം ഉയർത്തിയിരുന്നു. ഇതിലൂടെ ബി.ജെ.പി കേരളത്തില്‍ വളര്‍ച്ചയുടെ പാതയിലാണെന്ന തോന്നല്‍ ഉളവാക്കാനും കഴിഞ്ഞു. എന്നാല്‍ ഇത്തവണ ബി.ജെ.പിയുടെ വോട്ടു വിഹിതം കുത്തനെ താണ് 11.30 ശതമാനത്തിലെത്തി. കഴിഞ്ഞ തവണ പതിനയ്യായിരത്തിലേറെ വോട്ടു നേടിയ പല മണ്ഡലങ്ങളിലും ഇത്തവണ ബി.ജെ.പി വോട്ട് പതിനായിരത്തില്‍ താഴെയായി. ബി.ജെ.പിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഈ വലിയ വിഭാഗം വോട്ടുകള്‍ എങ്ങോട്ടു മറിഞ്ഞു എന്നതാണ് ബി.ജെ.പിയെ ആശങ്കയിലാഴ്‌ത്തുന്നത്.
കഴിഞ്ഞ തവണ ബി.ജെ.പി അക്കൗണ്ട് തുറന്ന നേമത്ത് പരാജയം മാത്രമല്ല, വോട്ട് ചോര്‍ച്ചയുമുണ്ടായി. 2016ല്‍ ഒ.രാജഗോപാല്‍ നേമത്ത് 67,813 വോട്ടു നേടിയാണ് എല്‍.ഡി.എഫിനെതിരെ വിജയം ഉറപ്പിച്ചതെങ്കില്‍ ഇത്തവണ അവിടെ 51,888 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 15,925 വോട്ടുകളുടെ ചോര്‍ച്ചയാണ് 2016ലെ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടായത്. അതേ സമയം 2016ല്‍ 13200 വോട്ടു മാത്രം നേടിയ യു.ഡി.എഫ് ഇത്തവണ നേമത്ത് 36,524 വോട്ടുകള്‍ നേടിയെന്നതും ശ്രദ്ധേയമായി.
എങ്ങനെയും നിയമസഭയിലെത്താന്‍ രണ്ട് മണ്ഡലങ്ങളില്‍ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രണ്ടിടത്തും തോല്‍വി ഏറ്റുവാങ്ങി. 2016ല്‍ മഞ്ചേശ്വരത്ത് വെറും 89 വോട്ടിന് പരാജയപ്പെട്ട കെ.സുരേന്ദ്രന്‍ 745 വോട്ടിന് ഇത്തവണയും പരാജയപ്പെട്ടു. കോന്നിയില്‍ 38,111 വോട്ടുകള്‍ മാത്രം നേടി മൂന്നാമതെത്താനേ സുരേന്ദ്രനായുള്ളൂ. അവസാന നമിഷം വരെ ലീഡ് നില ഉയര്‍ത്തി നിന്ന മെട്രോമാന്‍ ശ്രീധരന്‍റെ പരാജയമാണ് ബി.ജെ.പിക്ക് കനത്ത ആഘാതമായത്. അവസാന ലാപ്പില്‍ യു.ഡി.എഫിന്‍റെ സിറ്റിങ് എം.എല്‍.എ ഷാഫി പറമ്പില്‍ 3859 വോട്ടിന് ശ്രീധരനെ മലര്‍ത്തിയടിച്ചു. സിനിമാതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയിലൂടെ തൃശൂര്‍ പിടിക്കാമെന്ന ബി.ജെ.പി മോഹവും പൊലിഞ്ഞു. അവസാനം വരെ പൊരുതി സുരേഷ് ഗോപിയും തളര്‍ന്നു വീണു. കഴക്കൂട്ടത്തും ശക്തമായ പോരാട്ടം നടത്തിയെങ്കിലും ശോഭാ സുരേന്ദ്രന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടുത്തേണ്ടി വന്നു. ബി.ജെ.പി വന്‍തോതില്‍ ചര്‍ച്ചയാക്കിയ ശബരിമലയും ലൗ ജിഹാദും ജനങ്ങള്‍ തള്ളി.
ആളും അര്‍ത്ഥവുമൊഴുക്കി കേന്ദ്ര നേതൃത്വം നടത്തിയ അധ്വാനത്തിന്‍റെ ഫലം നഷ്‌ടമായതിനു പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ പിഴവാണെന്ന വിലയിരുത്തലുണ്ട്. നേരത്തെ തന്നെ സംഘടനയ്‌ക്കുള്ളില്‍ കെ.സുരേന്ദ്രനെതിരെ നിലയുറപ്പിച്ചവര്‍ കൂടുതല്‍ ശക്തിയില്‍ ഉടന്‍ രംഗത്തുവരുമോ എന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. താമസിയാതെ സംസ്ഥാന നേതൃത്വത്തില്‍ ഇളക്കി പ്രതിഷ്‌ഠയുണ്ടാകുമെന്നു തന്നെയാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന.