തിരുവനന്തപുരം: സി.എം.രവീന്ദ്രനെ രക്ഷപ്പെടുത്താൻ ബിജെപി- സി.പിഎം ധാരണയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ആശുപത്രിവാസ നാടകം തുടരുമ്പോൾ കേന്ദ്ര ഏജൻസികൾ നിസംഗമായി നോക്കി നിൽക്കുകയാണ്. ഇത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണ്.
നേരത്തെ ശിവശങ്കറിനെ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ രവീന്ദ്രൻ്റെ കാര്യത്തിൽ മടിച്ചു നിൽക്കുകയാണ്. ഇത് ബാഹ്യ ഇടപെടലുകളെ തുടർന്നാണെന്നും മുല്ലപ്പള്ളി പ്രസ്‌താവനയിൽ ആരോപിച്ചു. ബിജെപി ദേശീയ നേതൃത്വവുമായി ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ സിപിഎമ്മിന്‍റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്നത്. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള എല്ലാ രഹസ്യങ്ങളും അറിയാവുന്ന ആളാണ് രവീന്ദ്രൻ. തെരഞ്ഞെടുപ്പ് കാലത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്‌താൽ ഉണ്ടാകുന്ന രാഷ്ട്രീയ കോളിളക്കം തിരിച്ചറിഞ്ഞ് സിപിഎം അണികളെ വഞ്ചിച്ച് ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.