തിരുവനന്തപുരം: നഗരസഭയിൽ വീട്ടുകരം തട്ടിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ബിജെപി. സംഭവവുമായി ബന്ധപ്പെട്ട് 11 നഗരസഭ ഉദ്യോഗസ്ഥർ സംശയത്തിന്‍റെ നിഴലിലാണെന്നും മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും ബിജെപി കക്ഷി നേതാവ് എം.ആർ ഗോപൻ പറയുന്നു.
നേമം, ഉള്ളൂർ, ആറ്റിപ്ര എന്നിവിടങ്ങളിലെ നഗരസഭ ഉദ്യോഗസ്ഥർ 40 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നും എന്നാൽ വലിയൊരു അഴിമതി നടന്നിട്ടും ശിക്ഷ സസ്പെൻഷനിൽ മാത്രം ഒതുക്കിയെന്നും ബിജെപി ആരോപിക്കുന്നു.
ഇടതുപക്ഷ ജീവനക്കാരുടെ സംഘടന ഇടപെട്ട് സസ്പെൻഷനിലായവരെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. അഴിമതിയിൽ പൊലീസ് അന്വേഷണം വേണമെന്നും ആരോപണ വിധേയരായവരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അടച്ച നികുതിപണം നഗരസഭയിൽ എത്താത്തവർക്കായി ഹെൽപ് ഡെസ്‌ക് ഏർപ്പെടുത്തണമെന്ന ആവശ്യവും ബിജെപി ഉന്നയിച്ചിരുന്നു. എന്നാൽ ബിജെപിയുടെ ആവശ്യം ചർച്ചയ്ക്ക് പോലും വയ്ക്കാതെ സഭ നിർത്തിവച്ച് മേയർ പോവുകയാണുണ്ടായതെന്നും എം.ആർ ഗോപൻ ആരോപിക്കുന്നു.
മേയർ വിഷയം ചർച്ചയ്ക്ക് വയ്ക്കുന്നത് വരെ രാത്രിയും പകലും നഗരസഭ കവാടത്തിൽ സമരം ചെയ്യാനാണ് തീരുമാനമെന്നും ബിജെപി കക്ഷി നേതാവ് എം.ആർ ഗോപൻ പറഞ്ഞു.
Also Read: തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധത്തിൽ