തിരുവനന്തപുരം: അരുന്ധതി റോയിയുടെ ലേഖനം കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. ലേഖനം ദേശവിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്. ഹിന്ദുക്കൾ ഇന്ത്യയിൽ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിന്‍റെ ലക്ഷ്യം മതത്തിന്‍റെ പേരിൽ ക്യാമ്പസുകളെ വിഭജിക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അക്ഷരത്തെറ്റിന്‍റെ പേരിൽ മേനകാ ഗാന്ധിക്കെതിരെ കേസെടുക്കുന്ന പിണറായി സർക്കാർ അരുന്ധതി റോയിക്കെതിരെ കേസെടുക്കാൻ തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ബി.എ ഇംഗ്ലിഷ് മൂന്നാം സെമസ്റ്ററിലാണ് അരുന്ധതി റോയിയുടെ 'കം സെപ്റ്റംബർ' എന്ന ലേഖനം ഉൾപ്പെടുത്തിയിട്ടുള്ളത്. 2002 ൽ അമേരിക്കയിൽ എഴുത്തുകാരി നടത്തിയ പ്രസംഗമാണിത്. 'അപ്രീഷ്യേറ്റിംഗ് പ്രോസ്' എന്ന പ്രധാന പേപ്പറിലാണ് സർവകലാശാല ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിൽ തീവ്രവാദത്തിനെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് പ്രസംഗത്തിൽ പറയുന്നുണ്ട്. ഇത് ദേശവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാർ അധ്യാപക സംഘടനയായ ഉന്നത വിദ്യാഭ്യാസ അധ്യാപകസംഘം രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.