തിരുവനന്തപുരം: പക്ഷിപ്പനി പടരുന്ന സാഹചര്യം കണക്കിലെടുത്ത് കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പക്ഷിപ്പനിയെ തുടർന്ന് കോഴികളേയും താറാവുകളെയും കൊന്നൊടുക്കുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. രണ്ടു മാസത്തിൽ കൂടുതൽ പ്രായമുള്ള പക്ഷികൾക്ക് 200 രൂപ വീതവും അതിൽ താഴെ പ്രായമുള്ള പക്ഷികൾക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം. നശിപ്പിക്കപ്പെടുന്ന മുട്ട ഒന്നിന് അഞ്ചു രൂപ വീതം കർഷകർക്ക് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്ത് കർശന നിരീക്ഷണം തുടരാനും മന്ത്രിസഭായോഗം നിർദേശിച്ചു. കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ഇടങ്ങളിൽ വിദഗ്ധമായ പരിശോധന നടത്തും. അതേസമയം, ശബരി റെയിൽ പദ്ധതിക്ക് ആവശ്യമായ തുകയുടെ പകുതി സംസ്ഥാന സർക്കാർ നൽകും. ഇതിനായി കിഫ്ബിയിൽ നിന്ന് 1400 കോടിയോളം രൂപ അനുവദിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.