തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക്ക് പഞ്ചിങ് സവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ആദ്യ ദിനം തന്നെ പാളി. സാങ്കേതിക തടസങ്ങള്‍ മൂലമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ സാധിക്കാതെ പോയത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന സ്‌പാര്‍ക്ക് സോഫ്‌റ്റ്‌വെയറുമായി പഞ്ചിങ് സംവിധാനം ബന്ധപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി പഞ്ചിങ് ഉടന്‍ നടപ്പിലാക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്. നേരത്തെ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ പുതുവര്‍ഷത്തിലെ ആദ്യ രണ്ട് ദിവസവും അവധിയായതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ് കര്‍ശനമാക്കാന്‍ തീരുമാനിച്ചിരുന്നത്.
കലക്‌ടറേറ്റുകള്‍, ഡയറക്‌ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിങ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എറണാകുളം,പാലക്കാട് കളക്ട്രേറ്റുകളില്‍ മാത്രമായിരുന്നു ഈ സംവിധാനം നടപ്പാക്കാന്‍ കഴിഞ്ഞത്. ഇതോടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടയന്തര യോഗമാണ് പഞ്ചിങ് നടപ്പാക്കുന്നത് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്.
ഈ മാസം തന്നെ കളക്ട്രേറ്റുകളിലും ഡയറക്‌ടറേറ്റുകളിലും പഞ്ചിങ് സംവിധാനം ഒരുക്കാനാണ് പുതിയ നിര്‍ദേശം. ഇതിനു മുമ്പ് തന്നെ നിലവിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 31 ഓടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് സജ്ജമാക്കണമെന്നാണ് സര്‍ക്കാര്‍ നീക്കം.