തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലംഗ ബൈക്ക് മോഷണ സംഘം അറസ്റ്റിലായി. വെഞ്ഞാറമൂട് സ്വദേശി മഞ്ജീഷ് (27), അഴൂർ ശാസ്തവട്ടം സ്വദേശികളായ ഹരിപ്രസാദ് (20), സൂരജ് (20), കണിയാപുരം സ്വദേശി ബിലാൽ (22) എന്നിവരാണ് കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്.
മോഷണം നടത്തുന്ന ബൈക്കുകൾ നമ്പർ പ്ലേറ്റ് മാറ്റി കുറച്ചു ദിവസം ഓടിച്ച ശേഷം പൊളിച്ചു വിൽക്കുന്നതാണിവരുടെ രീതി. കഴിഞ്ഞ ദിവസം പൊലീസ് പരിശോധനക്കിടെ മൂന്നുപേർ സഞ്ചരിച്ച ബൈക്ക് കൈ കാണിച്ചിട്ടും നിറുത്താതെ പോയി. പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇവർ സഞ്ചരിച്ച ബൈക്ക് കോവളത്ത് നിന്നും മോഷ്ടിച്ചതായിരുന്നു. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തുമ്പ സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ടു ബൈക്കുകൾ പൊളിച്ചു വിറ്റതായി അറിഞ്ഞത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അടിപിടി വധശ്രമക്കേസുകളിൽ പ്രതികളാണിവർ. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ALSO READ:വനിത പൊലീസിന്‍റെ വീട് ആക്രമിച്ച സംഭവം; മുഖ്യ പ്രതികൾ പിടിയിൽ