തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാർകോഴ കേസിൽ രഹസ്യമൊഴി നൽകുന്ന ദിവസം ഉപദ്രവിക്കരുതെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ചുവെന്ന് ബിജു രമേശ് വെളിപ്പെടുത്തി. അതുകൊണ്ടാണ് മൊഴി നൽകിയപ്പോൾ ചെന്നിത്തലയുടെ പേര് പറയാത്തത്. ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണ് പണം വാങ്ങുന്നതെന്ന് കെ. ബാബു പറഞ്ഞിരുന്നതായും ബിജു രമേശ് വെളിപ്പെടുത്തി. രഹസ്യമൊഴി കൊടുക്കുന്ന ദിവസം ആദ്യം വിളിച്ചത് രമേശ് ചെന്നിത്തലയുടെ ഭാര്യയാണ്. അസുഖങ്ങളുള്ള ആളാണെന്നും ഉപദ്രവിക്കരുതെന്നും അഭ്യർഥിച്ചു.
ഗൺമാന്‍റെ ഫോണിൽ നിന്നാണ് വിളിച്ചത്. പിന്നാലെ 11 മണിയോടെ രമേശ് ചെന്നിത്തലയും വിളിച്ചു. ഉപദ്രവിക്കരുതെന്ന് ആവർത്തിച്ചു. അതിനുശേഷം തനിക്കെതിരെ രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിനും നിർദേശം നൽകി. പുതിയ ആരോപണം ഉന്നയിച്ചതിന് ശേഷവും ചെന്നിത്തല സ്വാധീനിക്കാൻ ശ്രമിച്ചു. വർക്കലയിലുള്ള കോൺഗ്രസ് പ്രവർത്തകനായ മനു പുഷ്‌പാംഗതൻ ചെന്നിത്തലയ്ക്ക് വേണ്ടി വന്ന് കണ്ടുവെന്നും ചെന്നിത്തലയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ബിജു രമേശ് പറഞ്ഞു.