പാറ്റ്ന: രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്ന സാഹചര്യചത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് റദ്ദാക്കാൻ ഉത്തരവിട്ട് ബിഹാർ പൊലീസ്. പരാതി വ്യാജമെന്ന് തെളിഞ്ഞതായും കേസ് റദ്ദാക്കാൻ സദർ പൊലീസ് സ്റ്റേഷന് നിർദേശം നൽകിയതായും മുസാഫർപുർ എസ്.എസ്.പി (സീനിയര്‍ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ്) മനോജ് കുമാർ സിൻഹ പറഞ്ഞു. പ്രമുഖരായ 49 പേർക്കെതിരെ കേസെടുത്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്, ആശ ആചി ജോസഫ്, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, എഴുത്തുകാരൻ അമിത് ചൗധരി, ഡോ. ബിനായക് സെൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.
സാംസ്കാരിക നായകർ പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുകയും വിഘടനവാദത്തെ പിന്തുണച്ചെന്നും കത്ത് അയച്ചവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കാണിച്ച് അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ ഹർജിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്.
രാജ്യദ്രോഹത്തിന് പുറമേ സമാധാന ലംഘനത്തിന് ഇടയാക്കുന്ന തരത്തിൽ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിരുന്നു. വിയോജിപ്പുകൾ കൂടി ഉൾക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും ന്യൂനപക്ഷങ്ങളെയും ദലിതരെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും കാണിച്ച് ജൂലൈ 23നാണ് സാംസ്കാരിക നായകർ മോദിക്ക് കത്തയച്ചത്.