തിരുവനന്തപുരം: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്‌ത് ബാലഭാസ്‌കറിന്‍റെ മാതാപിതാക്കൾ. വെറുമൊരു വാഹനാപകടം മാത്രമായാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്. അപകടമുണ്ടായപ്പോൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാത്തതെന്തെന്നറിയില്ലെന്നും ബാലഭാസ്‌കറിന്‍റെ പിതാവ് സി.കെ.ഉണ്ണി.
കേസുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ സംശയങ്ങളൊന്നും ക്രൈംബ്രാഞ്ച് കാര്യമായെടുത്തില്ലെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്നും സി.കെ.ഉണ്ണി പറഞ്ഞു. സിബിഐ വരുന്നതോടെ നല്ല രീതിയിലുള്ള അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മ ശാന്തകുമാരിയും വ്യക്തമാക്കി. ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും സിബിഐ അന്വേഷണത്തോടെ പുറത്തുവരണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.