തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ വിദേശ മദ്യശാലകളും ബാറുകളും പൂട്ടിയതോടെ മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള സാധ്യത തേടി ബിവറേജസ് കോർപ്പറേഷൻ. കഴിഞ്ഞവർഷം മദ്യശാലകൾക്ക് പുറത്ത് വെര്‍ച്വല്‍ ക്യൂ ഉണ്ടാക്കാനായി ബെവ്‌ക്യൂ ആപ്പ് മുഖേന സംവിധാനം ഒരുക്കിയിരുന്നു. ഇതിന് വീണ്ടും അനുമതി തേടി ഫെയർകോഡ് ടെക്നോളജീസ് ബിവറേജസ് കോർപ്പറേഷനെ സമീപിച്ചിട്ടുണ്ട്.
ഹോം ഡെലിവറി സംവിധാനമാണ് ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി സർവീസ് നടത്തുന്നവരുമായി സഹകരിച്ച് മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിനെക്കുറിച്ചാണ് ആലോചന. പണം കൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. അതിനിടെ സിവിൽ സപ്ലൈസ് കോർപ്പറേഷനും ഭക്ഷണ സാധനങ്ങൾ ഹോം ഡെലിവറി ചെയ്യാൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.