തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യ വിതരണം ഉടൻ ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് കേസുകൾ ഉയര്‍ന്നു നില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ വിതരണം ആപ്പിലൂടെ മതിയെന്ന നിലപാട് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ സ്വീകരിച്ചതോടെയാണ് മദ്യ വിതരണം ഉടന്‍ നടത്താനാകാതെ വരുന്നത്.
17 മുതല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ പൊലീസിനെ നിയോഗിച്ച് മദ്യം വിതരണം നടത്താമെന്ന് ബെവ്‌കോ എം.ഡി യോഗേഷ് ഗുപ്ത, മന്ത്രിയെ അറിയിച്ചെങ്കിലും രോഗവ്യാപന തോത് ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ അത് ഉചിതമല്ലെന്ന നിലപാട് എക്‌സൈസ് മന്ത്രി സ്വീകരിച്ചു. ഈ സാഹചര്യത്തില്‍ ആപ്പ് ഉപയോഗിച്ചുള്ള മദ്യ വിതരണം തിങ്കളാഴ്‌ച മുതല്‍ മാത്രമേ ആരംഭിക്കാനാകൂ എന്നാണ് സൂചന.
ALSO READ: ബിവറേജസ് വില്‍പനശാലയില്‍ നിന്ന് ജീവനക്കാര്‍ ആയിരം ലിറ്ററോളം മദ്യം കടത്തി
പഴയ ബെവ്ക്യു ആപ്പ് തന്നെ ഇതിനായി പുന:സ്ഥാപിക്കും. ഇതിന് നേരത്തേ തന്നെ ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകള്‍ അംഗീകാരം നേടിയതിനാല്‍ മറ്റ് സാങ്കേതിക തടസങ്ങളില്ല. എന്നാല്‍ ടി.പി.ആര്‍ തോത് അനുസരിച്ചുള്ള സ്ഥലങ്ങള്‍ ആപ്പിൽ ഉള്‍ക്കൊള്ളിക്കാന്‍ സമയം വേണ്ടിവരും. അതേ സമയം ആപ്പില്‍ ബാറുകളെയും കണ്‍സ്യൂമര്‍ ഫെഡിനെയും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.