തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. സര്‍ക്കാര്‍ ഉത്പന്നമായ ജവാന്‍ ഉള്‍പ്പെടെ വില കുറഞ്ഞ ബ്രാന്‍റുകള്‍ ഒന്നും ഔട്ട്ലെറ്റുകളില്‍ ലഭിക്കാനില്ല. ഇതോടെ ക്യൂ നിന്ന് മദ്യം വാങ്ങാന്‍ കൗണ്ടറിലെത്തുന്നവരും ബെവ്കോ ജീവനക്കാരും തമ്മിൽ തര്‍ക്കവും രൂക്ഷമാവുകയാണ്.
സ്‌പിരിറ്റിന് വില കൂടിയതിനാല്‍ മദ്യ നിര്‍മാണ കമ്പനികള്‍ ഉൽപാദനം കുറച്ചതാണ് ക്ഷാമം നേരിടാന്‍ കാരണമെന്നായിരുന്നു ബെവ്കോയുടെ വിശദീകരണം. എന്നാല്‍ ബാറുകളുടെ എണ്ണം കൂട്ടിയപ്പോള്‍ മദ്യം വിതരണം ചെയ്യുന്നതിലെ അനുപാതം കൃത്യമായി പാലിക്കാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്. വെയര്‍ഹൗസില്‍ എത്തുന്ന മദ്യത്തിന്‍റെ 70 ശതമാനം ബെവ്കോ ഔട്ട്ലെറ്റുകളിലേക്കും, 20 ശതമാനം ബാറുകളിലേക്കും 10 ശതമാനം കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലേക്കുമെന്നതാണ് ബെവ്കോയുടെ നയം.
എന്നാല്‍ ഈ നയം പാലിക്കാതെ ബാറുകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ മദ്യം വിതരണം ചെയ്യുന്നു എന്നാണ് ആരോപണം. ബെവ്കോയുടെ ഓപ്പറേഷന്‍ മാനേജര്‍ അജി ശ്രീധര്‍ ബാറുകള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. അജി ശശ്രീധറിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതിനെതിരേയും പരാതികള്‍ ഉയരുന്നുണ്ട്.
മാനദണ്ഡങ്ങള്‍ മറികടന്നാണ് വിരമിച്ച ഉദ്യോഗസ്ഥനായ അജി ശ്രീധറിനെ നിയമിച്ചത് എന്നാണ് ആരോപണം. എന്നാല്‍ നിയമനം സര്‍ക്കാര്‍ തീരുമാനമെന്നാണ് ബെവ്‌കോയുടെ വിശദീകരണം. ആരോപണങ്ങള്‍ നിലനില്‍ക്കെ തന്നെ ഓപ്പറേഷന്‍ മാനേജരുടെ നിയമനം പുതുക്കുന്നതിന് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ബിവറേജസ് കോർപ്പറഷന്‍.