തിരുവനന്തപുരം: തീരദേശ നിവാസികളുടെ ഭവന നിർമാണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ എംഎൽഎ മാരുടെ വാക്പോര്. എം.വിൻസെന്‍റും മന്ത്രി മേഴ്സിക്കുട്ടിയമ്മയും ആണ് വാക്പോരിലെത്തിയത്. ഓഖി വന്ന് 22 മാസം പിന്നിട്ടിട്ടും വിശദ പഠന റിപ്പോർട്ട് തയ്യാറിട്ടേയുള്ളൂ എന്ന് പറയാൻ മന്ത്രിയ്ക്ക് നാണമില്ലേയെന്ന് എം.വിൻസെൻ്റ് പറഞ്ഞപ്പോൾ വിൻസെൻ്റിന് മാന്യതയുടെ ലവലേശവുമില്ലെന്ന് മേഴ്സിക്കുട്ടിയമ്മയും തിരിച്ചടിച്ചു.
ചോദിച്ച ചോദ്യത്തിനല്ല മന്ത്രി മറുപടി നൽകിയത് എന്നതാണ് എം.വിൻസെൻ്റിനെ ചൊടിപ്പിച്ചത്. ഓഖി വന്നപ്പോൾ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയില്ല. എന്നാൽ ഇപ്പോൾ മുന്നറിയിപ്പ് കൊണ്ട് മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്നും വിൻസെൻ്റ് പറഞ്ഞു. എന്നാൽ വിൻസെൻ്റിൻ്റെ ചോദ്യത്തിന് കൃത്യമായ മറുപടിയാണ് നൽകിയതെന്ന് മന്ത്രി മറുപടി നൽകി. വിൻസെൻ്റിന് മാന്യത ലവലേശമില്ലെന്നും മന്ത്രി തിരിച്ചടിച്ചു. മന്ത്രിയുടെ മറുപടിയിൽ പ്രക്ഷുബ്ധരായ പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും സ്പീക്കർ തുടർ നടപടികളിലേക്ക് കടക്കുകയായിരുന്നു.