തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ ഊബർ ഈറ്റ്സിലെ ഡെലിവറി പാർട്ണർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ആനുകൂല്യങ്ങൾ വൻതോതിൽ വെട്ടിക്കുറക്കുകയും കമ്പനിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരെയാണ് സമരം.
ഇത് സംബന്ധിച്ച് സമര പ്രതിനിധികൾ കമ്പനിയുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. കേരളത്തിലെ പുതിയ തൊഴിൽ മേഖല ആയതിനാൽ ഈ മേഖലയിലെ തൊഴിലാളികൾ അസംഘടിതരാണ്. ഇത് കമ്പനി ചൂഷണം ചെയ്യുന്നതായി തൊഴിലാളികൾ പറയുന്നു. ഇതിനെ പ്രതിരോധിക്കാൻ ഡെലിവറി പാർട്ണേഴ്‌സിന്‍റെ സംഘടന രൂപീകരിക്കുമെന്ന് സമര സഹായ സമിതി പ്രതിനിധികൾ പറഞ്ഞു. കഴിഞ്ഞ ദിവസം പൂജപ്പുര മൈതാനിയിൽ നടന്ന യോഗമാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
ഈ കമ്പനിയെ അനുകരിച്ച് മറ്റു കമ്പനികൾ അവർക്കുണ്ടായിരുന്ന പിഎഫും, ഇഎസ്ഐയും വെട്ടിക്കുറക്കുകയുണ്ടായി. ഇതും കൂടി കണക്കിലെടുത്താണ് ഊബർ പാർട്‌ണർമാർ തന്നെ ആദ്യമേ സമരം തുടങ്ങാൻ തീരുമാനിച്ചത്. തുടർന്ന് ഈ മേഖലയിലെ മറ്റു കമ്പനി തൊഴിലാളികളും സമരവുമായി മുന്നോട്ട് വരാനിരിക്കുകയാണ്.