തിരുവനന്തപുരം: സി എസ് ഐ സഭയുടെ കീഴിലുള്ള പാളയം എൽഎംഎസ് ചർച്ചിനെ കത്തീഡ്രലായി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം. ബിഷപ്പ് ധർമരാജ് റസാലം ആണ് ഇടവകാംഗങ്ങളുടെ പ്രതിഷേധം അവഗണിച്ച് ചർച്ചിനെ കത്തീഡ്രലായി പ്രഖ്യാപിച്ചത്. ഏകപക്ഷീയമായി ബിഷപ്പ് പ്രഖ്യാപനം നടത്തിയതിനെതിരെയും ബിഷപ്പ് പള്ളിയിൽ അനധികൃതമായി നിർമ്മാണം നടത്തുന്നുവെന്ന് ആരോപിച്ചും ഒരു വിഭാഗം വിശ്വാസികൾ പള്ളിക്കു മുമ്പിൽ പ്രതിഷേധിച്ചു.
പള്ളിയ്ക്ക് മുമ്പിൽ റോഡിൽ കിടന്നാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. അതേസമയം പള്ളി കൈയടക്കി വച്ചിരുന്നവരിൽനിന്ന് മോചിപ്പിച്ചതായി ബിഷപ്പ് അവകാശപ്പെട്ടു. എൽഎംഎസ് പള്ളി കത്രീഡൽ ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന ശുശ്രൂഷ ചടങ്ങുകൾ കഴിഞ്ഞപ്പോഴാണ് സംഘർഷങ്ങളുണ്ടായത്.
115 വർഷങ്ങളായി വ്യക്തികളുടെ ട്രസ്റ്റിന്‍റെ നിയന്ത്രണത്തിന് കീഴിലായിരുന്നു എൽഎംഎസ് പള്ളി. ഇതവസാനിപ്പിച്ചുകൊണ്ട് ബിഷപ്പ് ധർമരാജ് റസാലം പള്ളിയെ കത്രീഡലാക്കി ഉയർത്തുകയായിരുന്നു. സിഎസ്‌ഐ സഭയ്ക്ക് ആറ് ഇടവകകളാണുള്ളത്. അതില്‍ ദക്ഷിണ മേഖലാ ഇടവകയ്ക്ക് കത്തീഡ്രല്‍ ഇല്ല. കത്തീഡ്രല്‍ ഇല്ലാത്ത കുറവ് നികത്താനാണ് പള്ളിയെ കത്തീഡ്രല്‍ ആക്കിയതെന്നാണ് ബിഷപ്പിന്റെ വാദം.
also read:പെസഹ വ്യാഴം: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലെ ചടങ്ങ്