തിരുവനന്തപുരം: 27-ാമത് ഐഎഫ്എഫ്കെയുടെ ഭാഗമായുള്ള ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം ഹംഗേറിയൻ സംവിധായകനായ ബേല താറിന്. 10 ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിൽ സമ്മാനിക്കും. ബേല താറിൻ്റെ മികച്ച ചിത്രങ്ങളായ ദ ട്യൂറിൻ ഹോഴ്‌സ്, വെർക്ക് മിസ്റ്റർ ഹാർമണീസ് എന്നിവയും മേളയിൽ പ്രദർശിപ്പിക്കും. 70 രാജ്യങ്ങളിൽ നിന്നുള്ള 184 സിനിമകളാണ് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
ദാർദൻ ബ്രദേഴ്‌സ് സംവിധാനം ചെയ്‌ത ടോറി ആൻഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെൽജിയം ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിൽ നടക്കുക. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 14 സിനിമകളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴു ചിത്രങ്ങളും പ്രദർശിപ്പിക്കും. പ്രശസ്‌ത സംവിധായകരുടെ പ്രത്യേക പാക്കേജുകളും മേളയുടെ മുഖ്യ ആകർഷണമാണ്. ജി അരവിന്ദന്‍റെ തമ്പ്, അടൂർ ഗോപാലകൃഷ്‌ണന്‍റെ സ്വയംവരം തുടങ്ങിയ ചിത്രങ്ങളും പ്രത്യേകമായി മേളയിൽ പ്രദർശിപ്പിക്കും.
ക്യാമറയെ സമരായുധമാക്കി അവകാശ പോരാട്ടം നടത്തുന്ന ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഇറാനിയൻ ചലച്ചിത്രകാരി മഹ്‌നാസ് മുഹമ്മദിക്ക് സമ്മാനിക്കും. ഡിസംബർ ഒന്‍പത് മുതൽ 16 വരെയാണ് തിരുവനന്തപുരത്ത് ഐഎഫ്‌എഫ്‌കെ നടക്കുക.