തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനുള്ള സിപിഎം നേതൃ യോഗങ്ങൾക്ക് തുടക്കമായി. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന സമിതി യോഗവുമാണ് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയതിന്‍റെ ആത്മവിശ്വാസത്തിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമാണ് സിപിഎം നേതൃയോഗങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പദ്ധതികളുടെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തും.
ജനക്ഷേമ പ്രവർത്തനങ്ങളോടൊപ്പം വികസനവും എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകാനാണ് പാർട്ടി സർക്കാറിന് നൽകിയിരിക്കുന്ന നിർദേശം. ഇതനുസരിച്ചുള്ള പദ്ധതികൾക്ക് വരും ദിവസങ്ങളിൽ സർക്കാർ രൂപം നൽകുക. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോട്ടയം മധ്യകേരളത്തിൽ ഉള്‍പ്പടെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു എന്നാണ് സിപിഎം വിലയിരുത്തൽ. ഇക്കാര്യം നേതൃയോഗം വിശദമായി ചർച്ച ചെയ്യും. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭ ചേരാൻ അനുമതി നൽകാതിരുന്ന ഗവർണറുടെ നടപടിയും യോഗം ചർച്ച ചെയ്യും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എകെജി സെന്‍ററിൽ സംസ്ഥാന സമിതി യോഗം ചേരുന്നത്. കൊവിഡ് കാലത്ത് നടന്ന യോഗങ്ങൾ എല്ലാം ഓൺലൈൻ ആയിരുന്നു.