തിരുവനന്തപുരം : ഗുജറാത്ത് കലാപം പ്രമേയമാക്കി ബിബിസി തയാറാക്കിയ ഇന്ത്യ - ദ മോദി ക്വസ്‌റ്റ്യന്‍ എന്ന ഡോക്യുമെന്‍ററി പൊതു ഇടത്ത് പ്രദര്‍ശിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. കോളജുകളിലും കോഴിക്കോട് ടൗണ്‍ഹാളിലും പ്രദര്‍ശനങ്ങള്‍ നേരത്തെ നടന്നിരുന്നു. തിരുവനന്തപുരം മാനവീയം വീഥിയിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചത്.
ചരിത്ര യാഥാര്‍ഥ്യങ്ങള്‍ സംഘപരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ് എന്ന ടാഗ് ലൈനോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. തടയുമെന്ന് പ്രഖ്യാപിച്ച് യുവമോര്‍ച്ച പ്രദര്‍ശന സ്ഥലത്തേക്ക് പ്രതിഷേധവുമായെത്തി. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ ശ്രമമെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
മാനവീയം വീഥിയിലെ പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവും ആരംഭിച്ചിരുന്നു. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. ഇതോടെ യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ചക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു.
ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വലിയ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പൊലീസ് യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്‌തുനീക്കി. പിന്നാലെ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം യൂത്ത് കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി. സംസ്ഥാന വ്യാപകമായി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
ഡിവൈഎഫ്‌ഐയും സംസ്ഥാന വ്യാപകമായി ഡോക്യുമെന്‍ററി കാണിക്കുന്നുണ്ട്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിവിധ കോളജുകളിലും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചുവരികയാണ്.