തിരുവനന്തപുരം : ഗുജറാത്ത് വംശഹത്യ പ്രമേയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം നടന്ന മാനവീയം വീഥിയിലും പൂജപ്പുര മൈതാനത്തും പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. നിയമവിരുദ്ധമായ ഒത്തുചേരൽ, സംഘർഷമുണ്ടാക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി. മാനവീയം വീഥിയിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും പൂജപ്പുരയിൽ 100 പേർക്കെതിരെയുമാണ് കേസ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഡോക്യുമെന്‍ററിയുടെ ആദ്യഭാഗവും അതേ സംബന്ധിച്ച ചർച്ചകളും നീക്കം ചെയ്തിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഇതിന് ഔദ്യോഗികമായി വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസും പൂജപ്പുര മൈതാനത്ത് ഡിവൈഎഫ്‌ഐയും കഴിഞ്ഞദിവസം ഡോക്യുമെന്‍ററിയുടെ പ്രദർശനം നടത്തിയിരുന്നു. എന്നാൽ പ്രദർശനം എവിടെ നടത്തിയാലും തടയുമെന്ന് കഴിഞ്ഞ ദിവസം ബിജെപി ആഹ്വാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവമോർച്ചയുടെ നേതൃത്വത്തിലായിരുന്നു മാനവീയം വീഥിയിലേക്കും പൂജപ്പുര മൈതാനത്തിലേക്കും മാർച്ച് നടത്തിയത്.
ഇരു സ്ഥലങ്ങളിലും പൊലീസും യുവമോർച്ച ബിജെപി പ്രവർത്തകരുമായി വലിയ സംഘർഷമാണുണ്ടായത്. മാനവീയം വീഥിയിൽ ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു പ്രദർശനം. തുടർന്ന് ആറുമണിക്ക് പൂജപ്പുര മൈതാനത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള ഡോക്യുമെന്‍ററി പ്രദർശനവും ആരംഭിച്ചു. പൂജപ്പുര മൈതാനത്തിന് പുറത്ത് പ്രതിഷേധവുമായെത്തിയ യുവമോർച്ച പ്രവർത്തകർക്കുനേരെ പൊലീസ് ഇന്നലെ പത്തോളം തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.
ജനുവരി 17 നായിരുന്നു ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ' എന്ന ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം പ്രദർശിപ്പിച്ചത്. ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്. രാജ്യവിരുദ്ധമായ ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. രാജ്യം ജി 20 അധ്യക്ഷ സ്ഥാനത്തെത്തുന്ന വേളയിൽ രാജ്യത്തിനകത്ത് ഭിന്നിപ്പ് സൃഷ്‌ടിക്കാനുള്ള ചിലരുടെ ഗൂഢശ്രമത്തിന്‍റെ ഭാഗമാണ് ഡോക്യുമെന്‍ററിയുടെ പ്രദർശനമെന്ന് ഇന്ന് രാവിലെ ഗവർണറും പ്രതികരിച്ചിരുന്നു.
അതേസമയം സംഭവത്തിൽ ഡോക്യുമെന്‍ററിയുടെ ഇരുഭാഗങ്ങളുടെയും സംസ്ഥാന വ്യാപക പ്രദർശനം നടത്താനൊരുങ്ങുകയാണ് ഇടത് യുവജന വിദ്യാർഥി സംഘടനകൾ. എന്നാൽ പലസ്ഥലങ്ങളിലും മാനേജ്മെന്‍റിന്‍റെയോ പ്രിൻസിപ്പാളിന്‍റെയോ അനുവാദം പ്രദർശനത്തിന് ലഭിക്കുന്നില്ല എന്നതുമുണ്ട്.