തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണത്തില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തും മാനേജറുമായ വിഷ്‌ണു സോമസുന്ദരത്തെ സിബിഐ ചോദ്യം ചെയ്യുന്നു. അപകട ശേഷം ബാലഭാസ്‌കറിന്‍റെ മൊബൈല്‍ ഫോണടക്കം കൈകാര്യം ചെയ്‌തത് വിഷ്‌ണുവും മനേജറുമായിരുന്ന പ്രകാശന്‍ തമ്പിയുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കൂടാതെ ബാലഭാസ്‌കറിന്‍റെ സമ്പാദ്യം കൈകാര്യം ചെയ്‌തതും ഇവരായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സിബിഐയുടെ ശ്രമം. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്‌ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്‌ണുവിനെ ചോദ്യം ചെയ്യുന്നത്.
നേരത്തെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ വിഷ്‌ണുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുകയാണ്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് നടത്തിയ റെയ്‌ഡിൽ വിഷ്‌ണുവിന്‍റെ വീട്ടിൽ നിന്ന് കേരള സർവകലാശാലയുടെ സീലോട് കൂടിയ പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റും കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹമായ പങ്കുണ്ടെന്ന് അദ്ദേഹത്തിന്‍റെ അച്ഛന്‍ സി.കെ ഉണ്ണി ആരോപിച്ചവരില്‍ ഒരാളാണ് വിഷ്‌ണു സോമസുന്ദരം.