തിരുവനന്തപുരം: മലയാളിയുടെ മനസിന്‍റെ തന്ത്രിയില്‍ നിന്നും ബാലഭാസ്ക്കറിനെ വിധി തട്ടിയെടുത്ത ആ അപകടം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ വർഷം സെപ്തംബർ 25ന് അതിരാവിലെയാണ് അപകടം തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് മലയാളക്കരയെ നടുക്കിയ വാഹനാപകടം നടന്നത്. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകൾ തേജസ്വിനി അപകട സ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിക്കിടക്കയില്‍ ഒരാഴ്ച്ചയിലേറെ വിധിയോട് മല്ലിട്ട് മകളുടെ ലോകത്തേക്ക് കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് ഈണങ്ങൾ ബാക്കിയാക്കി ബാലഭാസ്കര്‍ യാത്രയായി.
മരണത്തോടൊപ്പം വിവാദഹങ്ങളും ബാലഭാസ്കറിനെ തേടിയെത്തി. ബാലഭാസ്കര്‍ പിതാവ് കെ. സി. ഉണ്ണി ഉൾപ്പെടെ അപകടമരണത്തില്‍ സംശയങ്ങളുമായി രംഗത്ത് വന്നു. ബാലഭാസ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കുകളുടെ ശാസ്‌ത്രീയ പരിശോധനയില്‍ ഡ്രൈവർ അർജുന്‍ തന്നെയാണ് വണ്ടിയോടിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാല്‍ ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്നാണ് ഡ്രൈവർ മുമ്പ് നല്‍കിയ മൊഴി നല്‍കിയിരുന്നു. ബാലഭാസ്ക്കറിന്‍റെ സുഹൃത്ത് പ്രകാശന്‍ തമ്പി സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ കൂടുതല്‍ സംശയങ്ങൾ ഉയർന്നത്. സ്വർണ്ണക്കകടത്തും ബാലഭാസ്ക്കറിന്‍റെ മരണവും തമ്മില്‍ ബന്ധപ്പെടുത്തുന്നതൊന്നുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സമയക്രമം വെച്ച് വിശദീകരിക്കുന്നുണ്ടെങ്കിലും കുടുബാംഗങ്ങളുടെ സംശയങ്ങൾക്ക് അറുതിയായിട്ടില്ല. മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ച് കുടുബത്തിന്‍റെ സന്ദേഹങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. അപകടത്തില്‍ സാരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ബാലുവില്ലാത്ത ജീവിതത്തിലേക്ക് തിരിച്ച് വരുന്നേയുള്ളൂ. അവരോട് നീതി പുലർത്താനെങ്കിലും ദുരൂഹതകൾക്ക് അറുതിവരുത്താന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അനാവശ്യ വിവാദങ്ങളിലേക്ക് കേസിനെ വലിച്ചിഴയ്ക്കരുതെന്നാണ് ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും ആസ്വാദകരും ആവശ്യപ്പെടുന്നത്.
മൂന്നാം വയസില്‍ ബാലഭാസ്കര്‍ കളിക്കോപ്പായി കണ്ടത് വയലിനെയായിരുന്നു. യുവജനേത്സവ വേദിയുടെ സംഭാവനയായിരുന്നു ബാലഭാസ്കര്‍. 12-ാം വയസ്സില്‍ വയലിന്‍ കച്ചേരിയുമായി അരങ്ങേറിയ ബാലു 17-ാം വയസില്‍ സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിച്ചു. മംഗല്യപല്ലക്കായിരുന്നു ആദ്യ സിനിമ. നിനക്കായി, ആദ്യമായി എന്നിവയുൾപ്പെടെ നിരവധി സംഗീത ആല്‍ബങ്ങളും മലയാളികൾക്കായി ബാലഭാസ്കര്‍ സമ്മാനിച്ചു. ലോകപ്രശസ്തമായ സൂര്യ ഫെസ്റ്റിന്‍റെ തീം സോങ്ങും ഈ കൈകളിലൂടെയാണ് വിരിഞ്ഞത്. രണ്ട് തലമുറയെ വിളക്കിച്ചേർത്ത ഫ്യൂഷന്‍ ഇന്ദജാലം മലയാളിക്ക് പരിചയപ്പെടുത്തുന്നതും ബാലഭാസ്കറായിരുന്നു. ബാലഭാസ്കറിന്‍റെ ജീവിതത്തിന്‍റെ ഇഴകൾ അടുപ്പിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്‍റെ ഇടനാഴികളില്‍ എവിടെയോ ഇപ്പോഴും ഉണ്ടെന്ന വിശ്വാസത്തിലാണ് സുഹൃത്തുക്കൾ.