തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്‍റെ അപകട മരണത്തിൽ പിതാവിന്‍റെ മൊഴി രേഖപ്പെടുത്തി സിബിഐ സംഘം. ബാലഭാസ്‌കറിന്‍റെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സിബിഐ എസ്.പി നന്ദകുമാര്‍ നായര്‍, ഡിവൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് മൊഴിയെടുത്തത്.
ബാലഭാസ്‌കറിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത് പിതാവ് കെ.സി.ഉണ്ണിയായിരുന്നു. അപകട മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിനു പങ്കുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉണ്ണി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളാണ് ഇന്ന് സി.ബി.ഐ സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്. ആവശ്യമെങ്കില്‍ വീണ്ടും മൊഴി രേഖപ്പെടുത്തും.
ഇന്നലെ ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ലക്ഷ്മിയുടെ തിരുമല തിട്ടമംഗലത്തെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. അപകടസമയത്ത് ഡ്രൈവറായ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ലക്ഷ്മി നേരത്തെ കേസ് അന്വേഷിച്ച പൊലീസിന് മൊഴി നല്‍കിയിരുന്നു. ബാലഭാസ്‌കറിന്‍റെ അമ്മ ശാന്തകുമാരിയുടെ മൊഴിയും സി.ബി.ഐ രേഖപ്പെടുത്തും.