തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ അവകാശ തര്‍ക്കവുമായി എല്‍ഡിഎഫും യുഡിഎഫും കളം നിറയുമ്പോള്‍ ചര്‍ച്ചകളിലേക്ക് മൂന്നാമനായി കടന്നുവരികയാണ് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും മലയാളികളുടെ പ്രിയപ്പെട്ട പ്രഭാഷകനുമായിരുന്ന അന്തരിച്ച ഡോ. ഡി ബാബുപോള്‍. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാധ്യത മനസിലാക്കി തുറമുഖ പദ്ധതിയുടെ ആശയം രാജഭരണത്തിന് ശേഷം ആദ്യമായി മുന്നോട്ടുവച്ചത് താനാണെന്ന് 2007ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ സര്‍വീസ് സ്‌റ്റോറിയിലെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്.
മാധ്യമം ദിനപത്രത്തില്‍ മദ്ധ്യരേഖ എന്ന പേരില്‍ ബാബു പോള്‍ എഴുതിയിരുന്ന പ്രതിവാര പംക്തി 2007ല്‍ 'കഥ ഇതുവരെ' എന്ന പേരില്‍ ഡിസി ബുക്‌സ് പുസ്‌തകമാക്കിയിരുന്നു. പുസ്‌തകം മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അതില്‍ താന്‍ തുറമുഖ വകുപ്പ് സെക്രട്ടറിയായിരിക്കുന്ന കാലഘട്ടത്തെ കുറിച്ചും അന്ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകള്‍ മനസിലാക്കി താന്‍ ചുമതല വഹിച്ചിരുന്ന മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ അവതരിപ്പിച്ച കാര്യവും പുസ്‌തകത്തില്‍ വിവരിക്കുന്നു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിനില്‍ക്കേ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ അവകാശവാദം ഉന്നയിക്കുമ്പോഴാണ് 2015ല്‍ നിര്‍മാണോദ്ഘാടനം നടന്ന പദ്ധതിയുടെ ആശയം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് താന്‍ മുന്നോട്ടുവച്ച കാര്യം വ്യക്തമാക്കുന്ന പുസ്‌തകത്തിലെ ഭാഗം ചര്‍ച്ചയാകുന്നത്.
2019 ല്‍ ബാബുപോള്‍ അന്തരിക്കുകയും അദ്ദേഹത്തിന്‍റെ കഥ ഇതുവരെ എന്ന പുസ്‌തകം പുതുതലമുറ വായനക്കാര്‍ പോലും ഇന്നും നെഞ്ചേറ്റുകയും ചെയ്യുന്ന ഘട്ടത്തിലാണ് പൊടുന്നനെ വിഴിഞ്ഞം ചര്‍ച്ചകളിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട ബാബുപോള്‍ ഐഎഎസ് കടന്നുവരുന്നത് എന്നത് യാദൃച്ഛികമാകാം.
കഥ ഇതുവരെ എന്ന പുസ്‌ത കത്തിന്‍റെ 66 ആം അധ്യായത്തിലാണ് വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ബാബു പോള്‍ പരമാര്‍ശിക്കുന്നത്. ടൂറിസം സെക്രട്ടറിയായിരിക്കെ എറണാകുളം ഗസ്‌റ്റ് ഹൗസ് മാറ്റണമെന്ന് താന്‍ മുന്നോട്ടുവച്ച നിര്‍ദേശം അന്നത്തെ ടൂറിസം മന്ത്രി അട്ടിമറിച്ച സംഭവം വിവരിക്കുന്നതിലൂടെയാണ് ബാബുപോള്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് കടന്നുവരുന്നത്.
അത് ഇങ്ങനെയാണ്: 'വിഴിഞ്ഞത്തിന്‍റെ കാര്യം കടന്നുവന്ന സ്ഥിതിക്ക് ഇനി അത് പറയാം. വിഴിഞ്ഞത്തൊരു പുതിയ തുറമുഖം എന്നൊരാശയം പുതിയതല്ല. ഫിഷറീസ് ഹാര്‍ബര്‍ എന്ന പരിപാടി ഞാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന കാലത്തോ മറ്റോ തുടങ്ങിയതാണ്. ഒടുവില്‍ ശിവരാജന്‍ വിജയന്‍, ബേബി ഇടിക്കുള, ചെറിയാന്‍ തുടങ്ങി ഒരു കൂട്ടം ചെറുപ്പക്കാര്‍ ഉത്സാഹത്തോടെ നയിച്ച ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് രൂപപ്പെട്ടതോടെയാണ് അതിന് ചൈതന്യമുണ്ടായത്.
ആ വകുപ്പ് സൃഷ്‌ടിച്ചത് ഞാനാണ് എന്ന് നേരത്തേ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അത് 1980-82 കാലത്ത് ഈ വകുപ്പുകള്‍ എന്‍റെ അധീനതയില്‍ ആയിരുന്നപ്പോഴായിരുന്നു. 1989-91 ലെ രണ്ടാം ഊഴത്തില്‍ വിഴിഞ്ഞത്ത് രണ്ട് സംഗതികളാണ് പുതിയതായി ശ്രദ്ധിച്ചത്. ഒന്ന് തിരമാലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരിപാടി. മദ്രാസിലെ ഐഐടിക്കാരുടെ പ്രോജക്‌ടായിരുന്നു അത്. പ്രോത്സാഹനം നല്‍കി എന്നല്ലാതെ അതില്‍ എന്‍റേതായ ഒരാശയവും ഉണ്ടായിരുന്നില്ല.
രണ്ടാമത്തേത് എന്‍റെ ആശയമായിരുന്നു. അത് വിഴിഞ്ഞം ഒരു ബങ്കറിങ് തുറമുഖമാക്കിയെടുക്കുക എന്നതായിരുന്നു. എന്നാല്‍ വല്ലാര്‍പാടം കണ്ടെയിനര്‍ തുറമുഖത്തിന്‍റെ ഉപജ്ഞാതാവ് എന്ന നിലയില്‍ മറ്റൊരു കണ്ടെയിനര്‍ തുറമുഖത്തിന്‍റെ ആശയം എന്‍റെ മനസില്‍ മുളച്ചതേയില്ല എന്ന് ബാബുപോള്‍ പുസ്‌കത്തില്‍ വ്യക്തമാക്കുന്നു.
തന്‍റെ എന്‍ജിനീയറിങ് വൈദഗ്ധ്യത്തില്‍ വിഴിഞ്ഞത്തിന്‍റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം വിഴിഞ്ഞം ഭാവിയില്‍ എങ്ങനെ വികസനത്തിന്‍റെ പാരമ്യതയിലേക്കെത്തുമെന്നും പ്രവചിക്കുന്നു. 1985ല്‍ ഏറ്റവും വില കണ്ടെയിനര്‍ കപ്പല്‍ 4300 ടിയുഇ വഹിക്കുന്നതായിരുന്നു എന്നും ബാബു പോള്‍ പുസ്‌തകത്തില്‍ വ്യക്തമാക്കുന്നു.
വിഴിഞ്ഞം തുറമുഖത്തിന്‍റെ കാര്യം താന്‍ അന്ന് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനോട് പറഞ്ഞ കാര്യവും അതിന് അദ്ദേഹത്തിന്‍റെ തണുപ്പന്‍ പ്രതികരണവും അദ്ദേഹം പുസ്‌തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒടുവില്‍ മാസങ്ങള്‍ മാത്രമകലെ വിഴിഞ്ഞം യാഥാര്‍ത്ഥ്യത്തോട് ചുണ്ടുരുമ്മുമ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിഴിഞ്ഞം പദ്ധതിയുടെ സാധ്യതകള്‍ ഒരു എന്‍ജിനീയറിങ് വിദഗ്ധന്‍ കൂടിയായിരുന്ന ഡോ. ബാബുപോള്‍ കണ്ടെത്തിയത് ചര്‍ച്ചയാകുകയാണ്. പക്ഷേ കൊണ്ടുപിടിച്ച് എല്‍ഡിഎഫ്-യുഡിഎഫ് ചര്‍ച്ചകള്‍ക്കിടെ ബാബുപോളിന്‍റെ സ്ഥാനം എവിടെയെന്നതാണ് ചര്‍ച്ചാവിഷയം.