തിരുവനന്തപുരം : ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കരട് ബില്ലിനെ വിമര്‍ശിച്ച് കുറിപ്പെഴുതി കൃഷി വകുപ്പ് സെക്രട്ടറി ബി അശോക്. മന്ത്രിസഭായോഗം ഇന്ന് പരിഗണിച്ച ബില്ലിനെ വിമര്‍ശിച്ചാണ് അശോക് കുറിപ്പെഴുതിയത്. ബില്ലില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നാണ് അശോക് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ചാന്‍സലറെ മാറ്റാനുള്ള കാരണം ആമുഖത്തില്‍ ഇല്ലെന്ന് അശോക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് ഇത്തരമൊരു ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമായിട്ടില്ല. ഇവയെല്ലാം തിരുത്തണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടാണ് ബില്‍ അശോകിന്‍റെ മുന്നിലെത്തിയത്. ഇതിനെതിരെയാണ് ഒന്നര പേജുള്ള കുറിപ്പുമായി അശോക് രംഗത്തെത്തിയത്. അശോകിന്‍റെ നടപടിയില്‍ മന്ത്രിസഭ അതൃപ്‌തി രേഖപ്പെടുത്തി.
ഉദ്യോഗസ്ഥര്‍ അധികാര പരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം. നിയമ വകുപ്പ് സെക്രട്ടറിയാണ് ഇത്തരമൊരു കുറിപ്പ് എഴുതേണ്ടത്. എന്നാല്‍ അധികാര പരിധി മറികടന്നുള്ള അശോകിന്‍റെ പ്രവര്‍ത്തനം ശരിയായ കീഴ്വഴക്കമല്ലെന്നും സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് എതിരാണെന്നും മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ അറിയിച്ചു.
മന്ത്രിസഭയുടെ അതൃപ്‌തി അശോകിനെ അറിയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി അശോകിനെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.