തിരുവനന്തപുരം: ആഴിമലയില്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്ത് പൊലീസ്. കെ.പി ആക്‌ട് (K P Act) അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തത്. എന്നാൽ ഇതിന് പുറമെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ, മുറിവേൽപ്പിക്കൽ, അന്യായമായി തടഞ്ഞു വയ്‌ക്കൽ, ചീത്ത വിളിക്കൽ എന്നീ വകുപ്പുകൾ കൂട്ടി ചേർത്ത് സെഷൻസ് കോടതിയിൽ റിപ്പോർട്ട് ഹാജരാക്കി.
കേസുമായി ബന്ധപ്പെട്ട് പ്രതി അരുൺ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ഹാജരാക്കിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്‌ച(25.07.2022) വാദം കേൾക്കും. ജൂലൈ ഒമ്പതിനാണ് മരുവാമൂട് സ്വദേശിയായ കിരൺ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിൽ എത്തിയത്.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളുമായി വാക്കേറ്റം ഉണ്ടായെന്നാണ് ആരോപണം. കിരൺ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തുടർന്ന് കിരണിന്‍റെ പിതാവ് നൽകിയ മകനെ കാണ്മാനില്ലെന്ന പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. പിന്നാലെ കിരണിന്‍റെ സുഹൃത്തുക്കളായ മെൽവിൻ, അനന്ദു എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വകുപ്പുകൾ അന്വേഷണ സംഘം എഫ്‌ഐആറിൽ ചേർത്തത്.
പെൺകുട്ടിയെ കാണാനായി എത്തിയ കിരണിനെ പെൺകുട്ടിയുടെ സഹോദരി ഭർത്താവ് ബൈക്കിലും കിരണിന്‍റെ സുഹൃത്തുക്കളെ പെൺകുട്ടിയുടെ ചേട്ടൻ കാറിലും കയറ്റിക്കൊണ്ട് പോയതായി സുഹൃത്തുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. തുടർന്ന് ആഴിമല റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് കിരണിനെ പ്രതികൾ മർദിച്ച് അവശനാക്കി ആഴിമല ക്ഷേത്ര പരിസരത്ത് കൊണ്ടുപോയത്.
കിരണിന്‍റെ സുഹൃത്തുക്കൾ ആഴിമലയിൽ എത്തിയെങ്കിലും കിരണിനെ കണ്ടെത്താനായില്ലെന്ന് സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.