തിരുവനന്തപുരം: ഒരു ഭാഗത്ത് വീശിയടിക്കുന്ന കടല്‍തിരമാലകൾ. മറുഭാഗത്ത് കുന്നിന് മുകളിലെ ക്ഷേത്രം. വിഴിഞ്ഞം തുറമുഖത്തിന് സമീപത്തെ ആഴിമല ക്ഷേത്രത്തില്‍ ധ്യാനത്തിനായി എത്തുന്നവർ നിരവധിയാണ്. സദാസമയവും ഭക്തി നിറയുന്ന അന്തരീക്ഷം സമ്മാനിക്കുന്ന ആഴിമല ക്ഷേത്രത്തിന് സമീപം മനോഹരമായ ഒരു ശിവ ശില്‍പം കൂടി ഉയരുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ, ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ. വിസ്മയം ഉയർന്നു പൊങ്ങുന്ന ഗംഗാധരേശ്വര പ്രതിമ. വീശിയടിക്കുന്ന കടല്‍ക്കാറ്റിനെ അടക്കം പ്രതിരോധിക്കുന്ന രീതിയില്‍ പൂർണമായും കോൺക്രീറ്റിൽ ആണ് പ്രതിമ നിർമിച്ചിരിക്കുന്നത്. ഒരു ദൈവ ശില്‍പം എന്നതിലുപരി ഇവിടെ എത്തുന്ന എല്ലാവരിലേക്കും പോസിറ്റീവായൊരു ശക്തി നൽകുക എന്നതാണ് ഈ സൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിമയുടെ ശില്പിയായ ദേവദത്തന്‍ പറയുന്നു. സൂക്ഷ്മതയും കൃത്യതയും പ്രതിമയുടെ രൂപകൽപ്പനയില്‍ ദൃശ്യമാണ്.
കടൽ തീരത്തോട് ചേർന്ന് കിടക്കുന്ന പാറക്കൂട്ടത്തിന്‍റെ മുകളിൽ പണിതിരിക്കുന്ന ഗംഗാധരേശ്വര പ്രതിമയുടെ താഴ്ഭാഗത്ത് ധ്യാന മണ്ഡപമാണ്. 3500 ചതുരശ്രയടി വിസ്‌തൃതിയിലാണ് ധ്യാന മണ്ഡപം പണിയുന്നത്. മണ്ഡപം ഗുഹ അന്തരീക്ഷ മാതൃകയിലായിരിക്കുമെന്ന് ക്ഷേത്ര മേൽശാന്തി ജ്യോതിഷ് പറയുന്നു. ശിവന്‍റെ വ്യത്യസ്‌ത ഭാവങ്ങളിലുളള ചിത്രങ്ങൾ മണ്ഡപത്തിലുണ്ടാകും. 27 പടി കടന്നാണ് ധ്യാന മണ്ഡലത്തിൽ എത്തുക. 58 അടി ഉയരമുള്ള ശിവ പ്രതിമയുടെ നിർമാണത്തിന് ആറുവർഷത്തെ പ്രയത്നം വേണ്ടിവന്നു. ആറുമാസം കൂടി വേണം ധ്യാന മണ്ഡപം അടക്കമുള്ള പണികൾ പൂർണമായും പൂർത്തിയാക്കാനെന്ന് ദേവദത്തൻ പറയുന്നു.