തിരുവനന്തപുരം: അവിനാശി വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഗതാഗത വകുപ്പ് വാഹന പരിശോധന കർശനമാക്കി. എല്ലാ ജില്ലകളിലും മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും സംയുക്ത സ്ക്വാഡുകൾ പരിശോധന നടത്തും. റോഡ് സുരക്ഷ അതോറിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ലോറി ഉടമകൾക്കും ഡ്രൈവർമാർക്കുമായി പ്രത്യേക മാർഗരേഖ തയ്യാറാക്കാനും തീരുമാനമായി. സ്ക്വാഡിന്‍റെ ഏകോപന ചുമതല റോഡ് സേഫ്റ്റി കമ്മീഷണർക്കാണ്. ഇതിന് പുറമേ ഉത്തരേന്ത്യൻ മാതൃകയിൽ ദീർഘദൂര ഡ്രൈവർമാർക്കുള്ള വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കും. ഇതിനായി പിഡബ്ല്യുഡി ദേശീയ പാതയിൽ 37 കേന്ദ്രങ്ങളും സംസ്ഥാന പാതയിൽ 11 ഇടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ജോലി സമയം ഉൾപ്പെടെയുള്ള മാർഗ രേഖ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ദീർഘ ദൂര ട്രക്കുകളിൽ രണ്ട് ഡ്രൈവർമാരുടെ ആവശ്യകത സംബന്ധിച്ച് പുതുക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പരാമർശമില്ലാത്തതിനാൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. സേഫ് കേരള പദ്ധതി പൂർണ രൂപത്തിലാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.