തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രതിസന്ധിയില്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജീവിതവും ആശങ്കയിലാണ്. ഭൂരിഭാഗം കുടുംബങ്ങളും പട്ടിണിയിലാണ്. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ചെറിയൊരു വിഭാഗത്തിലേക്ക് മാത്രമേ എത്തുന്നുളളൂവെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്തവര്‍ക്ക് സർക്കാർ ധനസഹായവും ലഭിക്കില്ല.
കുടുംബം പുലർത്താൻ ചിലരൊക്കെ മറ്റ് തൊഴിലുകൾക്കായി ശ്രമിക്കുന്നു. ഓട്ടോറിക്ഷ മാത്രം വരുമാനമാർഗമായിട്ടുള്ളവര്‍ ഇനിയെന്ത് എന്ന ചിന്തയിലാണ്. നിരത്തിലിറങ്ങാൻ അനുമതി ലഭിച്ചാലും നല്ലൊരു ശതമാനം ഓട്ടോ തൊഴിലാളികൾ വീണ്ടും ബുദ്ധിമുട്ടിലാകും. അറ്റകുറ്റപ്പണികൾക്കായി വീണ്ടും പണം വേണം. സര്‍ക്കാര്‍ സഹായമാണ് ഏക പ്രതീക്ഷ.