തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയെ വരവേറ്റ് തലസ്ഥാന നഗരം മൺകലങ്ങൾ കൊണ്ട് നിറഞ്ഞു. പൊങ്കാലയ്ക്ക് ഒരു ദിവസം മാത്രം അവശേഷിക്കേ പൊങ്കാല കലങ്ങളുടെ വിൽപന സജീവമാവുകയാണ്. ചെറുതും വലുതുമായ വ്യത്യസ്ത വലിപ്പമുള്ള മനുഷ്യ നിർമിതവും യന്ത്ര നിർമിതവും ആയ മൺകലങ്ങൾ വിപണിയിൽ ഇടം പിടിച്ചുകഴിഞ്ഞു. മൺകലങ്ങളാണ് പൊങ്കാലയർപ്പിക്കാൻ ഭക്തജനങ്ങൾക്ക് പ്രിയം.
ഒരു മാസം മുൻപ് തന്നെ അനന്തപുരിയുടെ തെരുവോരങ്ങളിൽ പലയിടത്തും മൺകലങ്ങളുടെ കച്ചവടം ആരംഭിച്ചിരുന്നു. കലങ്ങൾക്കു പുറമേ പനയോലയിൽ നിർമിച്ച വട്ടികളും മുറങ്ങളും ചിരട്ടയിൽ തീർത്ത തവികളും പൊങ്കാല വിപണിയിലെ താരങ്ങൾ ആയിക്കഴിഞ്ഞു. നഗരസഭയുടെ ഗ്രീൻ പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ പൊങ്കാല നേർച്ചയ്ക്കായി എത്തുന്നവർ വീടുകളിൽ നിന്ന് അലൂമിനിയം കലങ്ങളോ മറ്റു വസ്തുക്കളോ കൊണ്ടുവരാൻ പാടില്ലെന്ന നിർദേശം മൺകല വ്യാപാരികളുടെ കച്ചവടം സുഗമമാക്കുന്നു.