തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ജല വിതരണത്തിനും മലിനജല നിര്‍മാര്‍ജനത്തിനും പ്രത്യേക സൗകര്യങ്ങള്‍ സജ്ജമാക്കി വാട്ടര്‍ അതോറിറ്റി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ ആഘോഷമായിരിക്കും ഇത്തവണത്തേത് എന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പടെ തുറന്ന് വിവിധ മുന്നൊരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നഗരത്തില്‍ പൊങ്കാല നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതലായി വേണ്ടി വരുന്ന ജല ഉപയോഗം കണക്കാക്കി ഓവര്‍ ഹെഡ് ടാങ്കുകള്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി അരുവിക്കരയില്‍ നിന്നും താത്‌കാലികമായി അധിക ജലം പമ്പ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. പൊങ്കാലയ്‌ക്കായി സജ്ജമായിരിക്കുന്ന പ്രദേശങ്ങളില്‍ 50-ഓളം ഷവറുകളും 1350ല്‍ അധികം കുടിവെള്ള ടാപ്പുകളും താത്‌കാലികമായി ഘടിപ്പിച്ചിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ മൂന്നു ടാങ്കുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമാണ്. ഇതിന് പുറമെ ടാങ്കര്‍ ലോറി വെന്‍ഡിങ് പോയിന്‍റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഐരാണിമുട്ടത്ത് പ്രത്യേക വെന്‍ഡിങ് പോയിന്‍റ് പുതുതായി സജ്ജമാക്കിയിട്ടുമുണ്ട്.
എല്ല ഫയര്‍ ഹൈഡ്രന്‍റുകളും അറ്റകുറ്റപ്പണി ചെയ്‌ത് പ്രവര്‍ത്തന സജ്ജമാക്കി. അടിയന്തര ഘട്ടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി അഞ്ച് ബ്ലൂ ബ്രിഗേഡ് സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് മേഖലകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡിനെയും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റി വെള്ളയമ്പലം ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ യഥാസമയം കൈകാര്യം ചെയ്യാന്‍ 24 മണിക്കൂറും പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ പ്രത്യേക കണ്‍ട്രോള്‍ റൂം ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിക്കും.
പൊങ്കാല പ്രമാണിച്ച് വെള്ളയമ്പലത്തെ കണ്‍ട്രോള്‍ റൂം നമ്പര്‍ 8547697340 ഉം ടോള്‍ ഫ്രീ നമ്പറായ 1916-ല്‍ വിളിച്ചും പരാതികള്‍ അറിയിക്കാമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഇതിന് പുറമെ നഗരത്തിലെ സ്വീവര്‍ ലൈന്‍ നെറ്റ്‌വര്‍ക്ക് പ്രത്യേകമായി മേഖല തിരിച്ച് ബക്കറ്റ് ക്ലീനിങ്, ജെറ്റിങ് എന്നിവ ചെയ്‌ത് സുഗമമായ ഒഴുക്ക് ഉറപ്പാക്കിയിട്ടുണ്ട്. പമ്പ് ഹൗസുകളും പമ്പുകളും പരിശോധന നടത്തി പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്. സിവറേജിനെ സംബന്ധിച്ച പരാതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറന്നു. 0471 2479502 എന്ന നമ്പറിലൂടെ പരാതികള്‍ അറിയിക്കാം.
ആറ്റുകാല്‍ പൊങ്കാല നാളെ, ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം: ഭക്തജനങ്ങള്‍ ഒഴുകിയെത്തുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പൊങ്കാല ദിവസമായ നാളെ വൈകിട്ടോടെയാണ് പിന്‍വലിക്കുക. ചരക്ക് ലോറികള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ നഗരത്തിലേക്ക് കടത്തിവിടില്ല.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സൗകര്യം പൊലീസ് സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് ഭക്തരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നടപ്പാതയില്‍ പൊങ്കാല അടുപ്പുകള്‍ ഒരുക്കരുതെന്ന നിര്‍ദേശവും സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു അറിയിച്ചിട്ടുണ്ട്.
Also Read: ആറ്റുകാൽ പൊങ്കാല : തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം