തിരുവനന്തപുരം: ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല. കൊവിഡ് പശ്ചാത്തലത്തിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന അടുപ്പുകളിലാണ് ഇത്തവണ ഭക്തർ പൊങ്കാലയിടുക. രാവിലെ 10.50നാണ് അടുപ്പുവെട്ട്. വൈകിട്ട് 3.40ന് നിവേദിക്കും. രാവിലെ 10.20ന് ശുദ്ധ പുണ്യാഹത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.
തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പകരുന്ന ദീപം മേൽശാന്തി ഈശ്വരൻ നമ്പൂതിരി ക്ഷേത്രത്തിലെ തിടപ്പള്ളിയിലെ പൊങ്കാലയടുപ്പുകളിൽ പകരും. ഈ സമയം ഭക്തർ വീടുകളിൽ ഒരുക്കിയിട്ടുള്ള അടുപ്പുകളും കത്തിക്കണം. പണ്ടാര അടുപ്പിൽ പൊങ്കാല നിവേദിക്കുമ്പോൾ ഭക്തർ തങ്ങളുടെ പൊങ്കാല സ്വയം നിവേദിക്കണം. നാളെ രാത്രിയാണ് ഉത്സവ സമാപനം. പൊങ്കാലയോടനുബന്ധിച്ച് ഇന്ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.