തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഇത്തവണ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടക്കുക. നാളെ മുതല്‍ ഈ മാസം 28 വരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരിത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാവുക. 27-ന് രാവിലെ 10.50നാണ് പൊങ്കാല നടക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല നടക്കുന്നത്. ഭക്തജനങ്ങളില്‍ ഇതേ സമയത്ത് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായുള്ള കാപ്പുകെട്ടുന്ന ചടങ്ങുമുതല്‍ പൊങ്കാല, പുറത്തെഴുന്നെള്ളത്ത് എന്നിവയിലെല്ലാം ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കും. ഉത്സവനാളുകളിലെ ക്ഷേത്ര ദര്‍ശനം, വിളക്കുകെട്ട് എഴുന്നള്ളത്ത്, പുറത്തെഴുന്നെള്ളത്ത് എന്നിവയ്ക്കും നിയന്ത്രണമുണ്ടായിരിക്കും. ക്ഷേത്രത്തില്‍ നടക്കുന്ന കാപ്പുകെട്ടിനും കാപ്പ് അഴിക്കലിനും പൂജാരിമാരും പാട്ട് നടത്തുന്ന കുടുംബത്തിന്‍റെ പ്രതിനിധിയും മാത്രമാകും പങ്കെടുക്കുക. കുത്തിയോട്ടം നേര്‍ച്ചയായി മാത്രമാണ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഒരു കുട്ടിക്ക് മാത്രം ചൂരല്‍കുത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
ഉത്സവ നാളുകളില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് സാമൂഹിക അകലം പാലിക്കുന്നതിനും ശരീര താപനില അളക്കുന്നതിനും കൈകള്‍ വൃത്തിയാക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിന് നഗരസഭാ ഉദ്യോഗസ്ഥരെ കൂടാതെ ക്ഷേത്ര ഭാരവാഹികളും പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.