തിരുവനന്തപുരം: ആറ്റുകാല്‍ ദേവിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ പൊങ്കാല മഹോത്സവം നടക്കുന്നത്. രാവിലെ 9.45ന് ദേവിയെ പുറത്തെഴുന്നള്ളിച്ച് കാപ്പുകെട്ടി കുടിയിരിത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമായത്. കാപ്പുകെട്ടി കുടിയിരുത്തല്‍ ചടങ്ങില്‍ പൂജാരിമാരും പാട്ട് നടത്തുന്ന കുടുംബത്തിന്‍റെ പ്രതിനിധിയും മാത്രമാണ് പങ്കെടുത്തത്. പൂജ ചടങ്ങുകള്‍ മാത്രമായാണ് ഇത്തവണ ഉത്സവം നടക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായുള്ള കാപ്പുകെട്ടുന്ന ചടങ്ങു മുതല്‍ പൊങ്കാല, പുറത്തെഴുന്നെള്ളത്ത് എന്നിവയിലെല്ലാം ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കും.
ഉത്സവനാളുകളിലെ ക്ഷേത്ര ദര്‍ശനം, വിളക്കുകെട്ട് എഴുന്നള്ളത്ത്, പുറത്തെഴുന്നെള്ളത്ത് എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടം നേര്‍ച്ചയായി മാത്രമാണ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഒരു കുട്ടിക്ക് മാത്രം ചൂരല്‍കുത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ഉത്സവ നാളുകളില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് സാമൂഹിക അകലം പാലിക്കുന്നതിനും ശരീര താപനില അളക്കുന്നതിനും കൈകള്‍ വൃത്തിയാക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിന് നഗരസഭാ ഉദ്യോഗസ്ഥരെ കൂടാതെ ക്ഷേത്രം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേകം ബാരിക്കേഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം 27-ന് രാവിലെ 10.50നാണ് പൊങ്കാല നടക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല നടക്കുന്നത്. ഭക്തജനങ്ങള്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം.