തിരുവനന്തപുരം : 19 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതക കേസിൽ സാക്ഷിയായി വിസ്‌തരിക്കേണ്ട വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഹാജരാക്കാൻ സാധിക്കാത്തതിൽ പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം. സർവീസിൽ നിന്ന് വിരമിച്ച ശേഷം എല്ലാ മാസവും കൃത്യമായി പെൻഷൻ പറ്റുന്ന മുൻ ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ലെന്ന പൊലീസിന്‍റെ വാദത്തെയാണ് കോടതി വിമർശിച്ചത് (Court Criticized Police). മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ (Attukal Murder Case) സാക്ഷിയാണ് ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന എം.എസ്.തങ്കരാജ്.
2004 ൽ നടന്ന കൊലപാതകത്തിലെ സാക്ഷിയായ തങ്കരാജിനെ കണ്ടെത്താനായില്ലെന്ന ഫോർട്ട് പൊലീസ് റിപ്പോര്‍ട്ടാണ് കോടതിയെ ചൊടിപ്പിച്ചത്. കേസ് വിചാരണ നടക്കുമ്പോള്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇതുപോലുളള നിരുത്തരവാദിത്വപരമായ പ്രവൃത്തികള്‍ ഒരിക്കലും അനുവദനീയമല്ലെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കോടതി പൊലീസിന് മുന്നറിയിപ്പ് നൽകി. ഏഴാം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്‌ജി പ്രസൂന്‍ മോഹനാണ് പൊലീസിനെ വിമർശിച്ചത്.
കേസിനാസ്‌പദമായ സംഭവം : 2004 ഓഗസ്‌റ്റ് 28 തിരുവോണ ദിവസമാണ് അയ്യപ്പനാശാരി കൊല്ലപ്പെടുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട അത്ത പൂക്കളത്തിന് പണം നല്‍കാതെ പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണക്കാട് മാര്‍ക്കറ്റിന് സമീപം പൂക്കട നടത്തുന്ന രാജേന്ദ്രന്‍റെ കടയില്‍ നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന്‍ സതീഷും സുഹൃത്ത് സനൽകുമാറും പണം നല്‍കാതെ പൂക്കള്‍ എടുത്തിരുന്നു.
ഇത് ചോദ്യം ചെയ്‌തുകൊണ്ട് രാജേന്ദ്രന്‍റെ സുഹൃത്ത് അനിൽകുമാറിന്‍റെ നേതൃത്വത്തിലുളള സംഘം അയ്യപ്പനാശാരിയുടെ വീട് ആക്രമിക്കുകയും അയ്യപ്പനാശാരി കൊല്ലപ്പെടുകയും മക്കൾക്കും സഹോദരനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. അന്നേദിവസം അയ്യപ്പനാശാരിയെയും മറ്റുളളവരെയും ആശുപത്രിയില്‍ എത്തിച്ചത് പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്കരാജായിരുന്നു. എന്നാൽ 19 പ്രതികളുള്ള കൊലപാതക കേസിൽ 19 വർഷത്തിന് ശേഷമാണ് കോടതി വിചാരണ ആരംഭിക്കുന്നത്.
കേസിൽ നിർണായകമായി ദൃക്‌സാക്ഷികൾ : വിചാരണ നടക്കവെ, ദൃക്‌സാക്ഷിയായെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അയ്യപ്പൻ കൂറുമാറി പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി. അന്ന് ആക്രമണത്തിൽ പരിക്കേറ്റ കൊല്ലപ്പെട്ടയാളുടെ സഹോദര പുത്രൻ രാജേഷ് 16 പ്രതികളെയും അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. അച്ഛനെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിനാണ് പ്രതികള്‍ തന്നെ വെട്ടിയതെന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന്‍ സതീഷും കോടതിയില്‍ മൊഴി നല്‍കി.
എന്നാൽ കേസിലെ മറ്റൊരു പ്രധാന ദൃക്‌സാക്ഷിയായ അയ്യപ്പനാശാരിയുടെ സഹോദരൻ രാജഗോപാല്‍ ആശാരി രണ്ട് മാസത്തിന് മുന്‍പ് മരണപ്പെട്ടു. മറ്റൊരു ദൃക്‌സാക്ഷിയായ അദ്ദേഹത്തിന്‍റെ ഭാര്യ സരസ്വതിയും കഴിഞ്ഞമാസം മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ മൊഴി നിർണായകമാകുന്നത്. എന്നാൽ വിചാരണക്ക് ഹാജരാകാതെ മാസവും പെൻഷൻ വാങ്ങുന്ന തങ്കരാജിനെ കണ്ടെത്താനായില്ലെന്നാണ് പൊലീസിന്‍റെ വാദം.