തിരുവനന്തപുരം: കേശവദാസപുരത്ത് യുവാക്കൾ സംഘം ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെയും യാത്രക്കാരെയും മർദിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവല്ല അസിസ്റ്റന്‍റ് ട്രാൻസ്‌പോർട്ട് ഓഫിസർ പൊലീസിൽ പരാതി നൽകി (Attempt to thrash the staff and passengers). സംഘം ചേർന്നെത്തിയ യുവാക്കൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസിലാണ് പരാതി നൽകിയത് (KSRTC Attack Complaint Given). ഇന്നലെ (21.10.2023) വൈകിട്ട് 9.45 ഓടെയായിരുന്നു സംഭവം. മല്ലപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന KL 15 A 1154 നമ്പർ ബസിലെ ജീവനക്കാരേയും യാത്രക്കാരെയുമാണ് യുവാക്കൾ മർദിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്.
സംഭവം ഇങ്ങനെ: കേശവദാസപുരം ജങ്ഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി ബസ് പുറപ്പെടുന്ന സമയമാണ് KL 01 S 3510 നമ്പർ ടൊയോട്ട ക്വാളിസ് വാഹനത്തിലെത്തിയ സംഘം കെഎസ്ആർടിസി ബസിന് കടന്നുപോകാനാകാത്ത തരത്തിൽ മാർഗ്ഗതടസം സൃഷ്‌ടിക്കുകയും പട്ടം ജങ്‌ഷനിൽ വച്ച് ബസ് തടഞ്ഞുനിർത്തി ജീവനക്കാരെയും യാത്രക്കാരെയും മർദിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യുവാക്കൾ ബസിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതും ജീവനക്കാരെ മർദിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സംഭവം നടന്ന ഉടൻ തന്നെ ജീവനക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ കോളേജ് എസ്എച്ച്ഒയ്ക്കും പരാതി നൽകിയിരിക്കുന്നത്.
അതേസമയം കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധി ഈ മാസം 31 വരെ നീട്ടി. നേരത്തെ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധി ഈ മാസം 31 വരെ നീട്ടിയിരിക്കുന്നത്. ബിജു പ്രഭാകറിൻ്റെ അഭാവത്തിൽ കെഎസ്ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ പ്രമോജ് ശങ്കറിന് സിഎംഡിയുടെ അധിക ചുമതല നൽകി. കെ ആർ ജ്യോതിലാലിനാണ് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല.
ജീവനക്കാർക്ക് ശമ്പളം നൽകാനാകാതെ കുഴയുകയാണ് കെഎസ്ആർടിസി മാനേജ്മെന്‍റ്. സെപ്റ്റംബർ മാസത്തിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു ഇതുവരെ ജീവനക്കാർക്ക് നൽകിയിട്ടില്ല. ഇനിയും 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചാൽ മാത്രമേ രണ്ടാം ഗഡു വിതരണം സാധ്യമാകൂവെന്നാണ് മാനേജ്മെന്‍റ് വാദം. നേരത്തെ സർക്കാർ അനുവദിച്ച 30 കോടി ഉപയോഗിച്ചാണ് ആദ്യ ഗഡു വിതരണം ചെയ്‌തത്.
സർക്കാർ വകുപ്പുകളിലേക്കും കോർപറേഷനുകളിലേക്കും കെഎസ്ആർടിസി ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. നിരവധി പേരാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധത അറിയിച്ചട്ടുള്ളത്. സ്ഥിര ജീവനക്കാരുടെ എണ്ണം 25,000ത്തിൽ നിന്നും 15,000 ത്തിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഇതിലൂടെ പ്രതിമാസ ശമ്പള ചെലവ് 83 കോടിയിൽ നിന്ന് 50 കോടിയാക്കി കുറയ്ക്കാനാകുമെന്നും മാനേജ്മെൻ്റ് വിലയിരുത്തുന്നു. നിലവിലെ റിപ്പോർട്ട് പ്രകാരം 2017 മുതൽ ഏർപ്പെടുത്തിയ നിയമന നിരോധനം തുടരും.