തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിൽ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഇത്തരം സംഭവങ്ങളെ ഗൗരവമായാണ് സർക്കാർ കാണുന്നത്. ഭൂമി തട്ടിയെടുക്കൽ അവസാനിപ്പിക്കാനും തട്ടിയെടുത്തത് പുനസ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ ഭൂമി നഷ്‌ടപ്പെട്ടവരുടെ പരാതിയിൽ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ ആദ്യ ഹിയറിങ് നടത്തി. കൈയ്യേറ്റം തെളിഞ്ഞാൽ ഭൂമി പുന:സ്ഥാപിച്ച് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ കെ രമ എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. വ്യാജ രേഖയുണ്ടാക്കിയും ഭീഷണിപ്പെടുത്തിയും ആദിവാസി ഭൂമികൾ തട്ടിയെടുക്കുന്നുവെന്നായിരുന്നു കെ.കെ.രമയുടെ ആരോപണം. ഈ പരാതികൾ ഐഎഎസ് ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും രമ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ ലാൻഡ് റവന്യൂ കമ്മിഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ആദിവാസികളുടെ ഭൂമി സംരക്ഷണം മാത്രമല്ല, സമഗ്രമായി അവരുടെ ജീവിത രീതി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.