തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറ തീരത്ത് മദ്യപിച്ചതു ചോദ്യം ചെയ്‌ത ടാക്‌സി ഡ്രൈവറെയും പൊലീസിനെയും ആക്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. ബുധനാഴ്‌ച (12.01.22) വൈകിട്ട് നടന്ന സംഭവത്തിൽ അടിമലത്തുറ സ്വദേശികളായ അനുരാജ് (28), അരുൺ (29) എന്നിവരെ വിഴിഞ്ഞം പൊലീസ് പിടികൂടി.
ഗ്രേഡ് എഎസ്ഐ സിറിൾ, ടാക്‌സി ഡ്രൈവർ ആന്‍റണി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രതികൾ ഗ്രേഡ് എഎസ്ഐയെ മർദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്‌തു. ആന്‍റണിയുടെ കാറിന്‍റെ ഗ്ലാസും അക്രമികൾ തകർത്തു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
അടിമലത്തുറ തീരത്തെ പഞ്ചായത്തു വക ചെറു പാർക്കിൽ ജോലിയിലേർപ്പെട്ടിരുന്ന അതിഥി തൊഴിലാളികളുടെ നേർക്കാണ് പ്രതികൾ ആദ്യം പ്രകോപനമുണ്ടാക്കിയത്. ഇതിനൊപ്പം മദ്യപാനത്തെ ചോദ്യം ചെയ്‌തുവെന്ന പേരിലാണ് ടാക്‌സി ഡ്രൈവർ ആന്‍റണിയെ രണ്ടംഗ സംഘം ആക്രമിച്ചത്. ഇതു തടയാൻ ശ്രമിക്കുമ്പോഴായിരുന്നു ടൂറിസം പൊലീസിലെ എഎസ്ഐ സിറിളിനു നേരെയും ആക്രമണം ഉണ്ടായത്.