തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് ജനറൽ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. ഇന്നലെ മുതല്‍ കാണാതായ ജയഘോഷിനെ കഴക്കൂട്ടം കരിമണലിലെ വീടിനു സമീപത്തെ പറമ്പില്‍ നിന്നാണ് ഉച്ചയോടെ കണ്ടെത്തിയത്. വീടിനു തൊട്ടടുത്ത കുറ്റിക്കാടിനുസമീപത്തുള്ള ഇട റോഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലായിരുന്നു ജയഘോഷ്. കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ജയഘോഷിനെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം ബ്ലേഡ് വിഴുങ്ങിയതായും സംശയമുണ്ട്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെ പൊലീസുകാരനായിരുന്ന ജയഘോഷ്. എട്ട് മാസം മുന്‍പാണ് തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ ഉപസ്ഥാനപതി(അറ്റാഷെ)യുടെ ഗണ്‍മാനായി ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചത്. സ്വര്‍ണക്കടത്തു കേസ് എന്‍.ഐ.എ അന്വേഷിക്കുന്നതിനിടെ ഇന്നലെ അറ്റാഷെ രാജ്യം വിട്ടതായ വാര്‍ത്ത പുറത്തു വന്നിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ജയഘോഷിനെ കാണാതായത്. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ സഹോദരി ഭര്‍ത്താവ് അജിത്കുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തുമ്പ പൊലീസിന് പരാതി നല്‍കി.
വട്ടിയൂര്‍കാവില്‍ സ്ഥിരതാമസമാക്കിയ ജയഘോഷ് ഇന്നലെയാണ് കുടുംബവീട്ടില്‍ എത്തിയത്. സ്വര്‍ണക്കടത്തു കേസ് ഉണ്ടായ ശേഷം ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി ഭാര്യയോട് സൂചിപ്പിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ താന്‍ നിരപരാധിയാണെന്ന് ജയഘോഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.